morchary

കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ മോർച്ചറിക്കുസമീപത്തെ മുറിയിൽ കോവിഡ് സ്രവ പരിശോധന കേന്ദ്രം പ്രവർത്തിക്കുന്നത് മൂലം പോസ്റ്റ്‌മോർട്ടം വൈകുന്നു. കഴിഞ്ഞദിവസം ഹൃദ്രോഗം ബാധിച്ച് മരിച്ച നെടുങ്കണ്ടം സ്വദേശിയുടെ മൃതദേഹം മൂന്നു മണിക്കൂർ വൈകി. കട്ടപ്പന നഗരസഭയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സമ്പർക്ക പട്ടികകളിൽ ഉൾപ്പെട്ട നിരവധി പേരാണ് സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തുന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറുപേർക്കാണ് നാലുദിവസത്തിനിടെ രോഗം ബാധിച്ചത്. ഡ്രൈവറുടെയും ആശ പ്രവർത്തകയുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ സ്രവ പരിശോധനയ്ക്കായി എത്തുന്നതോടെ സമീപത്തെ മോർച്ചറിയുടെ പ്രവർത്തനം അവതാളത്തിലാകുകയാണ്.
സ്രവ പരിശോധന നടന്നതുമൂലം നെടുങ്കണ്ടം സ്വദേശിയുടെ മൃതദേഹം മൂന്നു മണിക്കൂറോളം വാഹനത്തിൽ നിന്നു പുറത്തിറക്കാൻ കഴിഞ്ഞില്ല. പരിശോധന കേന്ദ്രവും മോർച്ചറിയും അടുത്തടുത്ത മുറികളിൽ പ്രവർത്തിക്കുന്നത് പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്നു.