 കട്ടപ്പനയിലെ രണ്ടു വാർഡുകൾ ഹോട്ട്‌സ്‌പോട്ട്

കട്ടപ്പന: സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കൂടി കൊവിഡ്-19 ബാധിച്ചതോടെ കട്ടപ്പന നഗരസഭയിലെ രണ്ടു വാർഡുകൾ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. രോഗബാധിതരായ ഡ്രൈവറും കുടുംബാംഗങ്ങളും താമസിക്കുന്ന കല്ലുകുന്ന് വാർഡിലും ആശ പ്രവർത്തക താമസിക്കുന്ന വെള്ളയാംകുടി വാർഡിലുമാണ് നിയന്ത്രണം. ഇത്കൂടാതെ കട്ടപ്പന മാർക്കറ്റിലും കട്ടപ്പന കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നുള്ള വെട്ടിക്കുഴിക്കവല റോഡും ഹോട്ട്സ്പോട്ടാണ്. ഡ്രൈവറുടെ ആറു വയസുള്ള മകനും ഭാര്യാപിതാവിനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുടുംബത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച ഭാര്യയ്ക്കും ഭാര്യ മാതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ആശ പ്രവർത്തകയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവരുടെ എണ്ണം 30 ആയി. ഇവരിൽ കുടുംബാംഗങ്ങളും അയൽപക്കക്കാരുമടക്കം ആറുപേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
വാർഡിലെ വീടുകളിൽ മരുന്ന് വിതരണത്തിനും താലൂക്ക് ആശുപത്രിയിലും ആശ പ്രവർത്തക എത്തിയിട്ടുള്ളതിനാൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടേക്കും. എന്നാൽ ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴയ്ക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയോ വാർഡിലെ മരുന്ന് വിതരണത്തിനിടെയോ രോഗം ബാധിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞ 15ന് ഇരട്ടയാറിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്ന് രോഗബാധയുണ്ടാകാനുള്ള സാദ്ധ്യതയും പരിശോധിച്ചുവരുന്നു.