farming

തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര- ഞാറ്റുവേല മഹോത്സവത്തിന് തൊടുപുഴയിൽ തുടക്കമായി. കാഡ്‌സ് വിത്ത് ബാങ്ക് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പി. ജെ. ജോസഫ് എം.എൽ.എ തെങ്ങിൻ തൈ നട്ടു കൊണ്ട് മേള ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഞാറ്റുവേല സമ്പ്രദായം പുനഃസ്ഥാപിക്കേണ്ടത് കാർഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് അനിവാര്യമാണെന്ന് കഴിഞ്ഞകാല അനുഭവങ്ങൾ നമ്മളെ പഠിപ്പിച്ചിരിക്കുകയാണെന്ന് പി. ജെ. ജോസഫ് പറഞ്ഞു . മുൻസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് അദ്ധ്യക്ഷത വഹിച്ചു. കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, കൗൺസിലർമാരായ മായാ ദിനു, ടി .കെ. സുധാകരൻ നായർ, റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് പ്രൊഫ. എം.ജെ. ജേക്കബ്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, എം. സി. മാത്യു, ജയൻ പ്രഭാകർ, ഡയറക്ടർമാരായ കെ.വി. ജോസ്, വി.പി. ജോർജ്, കെ.എം. ജോസ്, സജി മാത്യു എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികളായ കർഷകരിൽ നിന്നും ഏറ്റവും മികച്ച നടീൽവസ്തുക്കൾ സംഭരിക്കുന്നതിന്റെ ഭാഗമായി അഡ്വ. ബിജു പറയന്നിലത്തിൽ നിന്നും കുരുമുളക് വള്ളികൾ പി.ജെ. ജോസഫ് എം.എൽ.എ ഏറ്റുവാങ്ങി. മേള ജൂലായ് ആറ് വരെ നീണ്ടുനിൽക്കും. എല്ലാ ഇനം ഫലവൃക്ഷങ്ങളുടെയും കുരുമുളക് ചെടികളുടെയും വൻ ശേഖരമാണ് മഹോത്സവ നഗരിയിൽ ഒരുക്കിയിട്ടുള്ളത്.