തൊടുപുഴ: ആദിവാസി വിഭാഗത്തിലുള്ളവർക്ക് പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവ് വനാവകാശ നിയമം അട്ടിമറിക്കുന്നതാണെന്നന്ന് ആരോപിച്ച് പട്ടയം നൽകാനുള്ള ശ്രമത്തെ പരാജയപ്പെടുത്താനുള്ള ഗീതാനന്ദന്റെ നീക്കം ആദിവാസി വിരുദ്ധമാണെന്ന് ഐക്യ മലയരയ മഹാസഭ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിൽ അധിവസിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പട്ടയം നൽകാനുള്ള ഉത്തരവിനെതിരെ രംഗത്തുവന്നിരിക്കുന്ന ഗീതാനന്ദന് ഗൂഢലക്ഷ്യം ഉണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മറ്റുള്ളവരെപോലെ തന്നെ പട്ടയം നൽകണമെന്ന് നിരന്തരമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന സർക്കാരിനോടും വിവിധ രാഷ്ടീയ നേതൃത്വങ്ങളോടും ആവശ്യപ്പെട്ടുവരികയായിരുന്നു. 2017ൽ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണിയാറൻകുടി, വണ്ണപ്പുറം എന്നിവിടങ്ങളിൽ ആദിവാസികൾക്ക് പട്ടയം നൽകി കഴിഞ്ഞു. എന്നാൽ ഇവിടെയൊന്നും ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെട്ടിട്ടില്ല. യഥാർത്ഥത്തിൽ ഭൂമി അന്യാധീനപ്പെടുന്നത് പട്ടയം ഇല്ലാത്തതു കൊണ്ടാണെന്ന് ഗീതാനന്ദന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. വനവകാശ നിയമം ലംഘിക്കുന്നു എന്ന് ഗീതാനന്ദൻ പറയുമ്പോഴും ഇതേ നിയമത്തിന്റെ ഉള്ളിൽ പറയുന്നത് ആദിവാസികളുടെ ഭൂമി റവന്യുഭൂമി ആക്കി മാറ്റം എന്നാണ്. പട്ടയം ഇല്ലാത്തതു കൊണ്ടാണ് പലപ്പോഴും ഭൂമി വിൽക്കേണ്ടി വരുന്നത്. ആദിവാസി ജനത ഇനിയും ഗീതാനന്ദനപ്പോലുള്ളവരുടെ കബളിപ്പിക്കലിന് വിധേയരാകരുതെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഐക്യമല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, വനിതാ സംഘടനാ പ്രസിഡന്റ് കരിഷ്മ അജേഷ് കുമാർ, ആദിവാസി കർഷക സംരക്ഷണ സമിതി ജില്ലാ കൺവീനർ ഇ.കെ. രാജപ്പൻ, കമ്മറ്റി അംഗങ്ങളായ എം.കെ. ബീജീഷ്, പി.ഐ. ബിജു എന്നിവർ പങ്കെടുത്തു.