മുട്ടം: പത്ത് വർഷത്തിലേറെകാലമായി അധികൃതരുടെ അവഗണനയിലായിരുന്ന മുട്ടം ജില്ലാ ജയിൽ റോഡ് ടാറിങ്ങ് ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വർഷത്തെ സ്പിൽ ഓവറിലുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ടാറിങ്ങ് നടത്തുന്നത്. കോടതി കവലയിൽ നിന്ന് ആരംഭിച്ച് ജില്ലാ ജയിൽ വരെയുള്ള റോഡിന് 1.5 കി. മീറ്റർ നീളവും 4 മീറ്റർ വീതിയുമാണ്. കോടതികവല മുതൽ വിജിലൻസ് ഓഫീസ് വരെയുള്ള ഭാഗം രണ്ട് വർഷം മുൻപ് ടാറിങ്ങ് നടത്തിയെങ്കിലും ബാക്കി ഭാഗത്തിന്റെ കാര്യത്തിൽ തീരുമാനം ആകാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്ന് ഇവിടെയുള്ള സ്ഥാപനങ്ങളിലെ ആളുകൾ ചേർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി നിവേധനങ്ങൾ നൽകിയെങ്കിലും നടപടികൾ ആയില്ല. ജില്ലാ ജയിൽ, ജയിൽ ക്വാർട്ടേഴ്‌സ്, ഗവ:പോളിടെക്നിക്ക് കോളേജ്, പൊളിടെക്നിക്കിലെ രണ്ട് ഹോസ്റ്റലുകൾ, ഐ എച്ച് ആർ ഡി കോളേജ്, 20 ൽപരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റ്, ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ, ക്രമ്പ് റബർ ഫാക്ടറി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടേക്കുള്ള ആളുകളും ഉപയോഗിക്കുന്ന റോഡാണ് വർഷങ്ങളായിട്ട് നന്നാക്കാതെ കിടന്നത്.