തൊടുപുഴ: തൊഴിലാളി വർഗത്തോടൊപ്പം എക്കാലവും ഉറച്ച് നിന്ന നേതാവായിരുന്നു വഴിത്തല ഭാസ്‌കരനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. വഴിത്തല ഭാസ്‌കരന്റെ 16-ാമത് ചർമ വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ താലൂക്കിലും ജില്ലയിലാകെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും എ.ഐ.ടി.യു.സിയും കെട്ടിപ്പടുക്കുന്നതിന് ധീര നിലപാടാണ് വഴിത്തല സ്വീകരിച്ചത്. പാർട്ടിയുടെ പിളർപ്പിന് ശേഷം തൊടുപുഴ താലൂക്കിൽ ഇന്നുകാണുന്ന പാർട്ടിയും പ്രസ്ഥാനങ്ങളും വളർത്തിയതിന് എന്നും മുന്നിൽ നിന്ന്
പ്രവർത്തിച്ച വഴിത്തല ഭാസ്‌കരൻ പുതുതലമുറക്ക് എന്നും മാതൃകയാണെന്നും
ശിവരാമൻ പറഞ്ഞു. തൊടുപുഴ കൃഷ്ണപിള്ള ഭവനിൽ ജില്ലാ സെക്രട്ടറി പാർട്ടി പതാക ഉയർത്തുകയും വഴിത്തല ഭാസ്‌ക്കരന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷനംഗം മാത്യൂ വർഗീസ്, സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ, താലൂക്ക് സെക്രട്ടറി പി.പി. ജോയി, ജില്ലാ കൗൺസിലംഗങ്ങളായ വി.ആർ. പ്രമോദ്, ഗീത തുളസീധരൻ, അഡ്വ. എബി ഡി. കോലോത്ത്, പി.ജി. വിജയൻ, പി.കെ. പുരുഷോത്തമൻ നായർ, പി.എസ്. സുരേഷ്, ആർ. തുളസീധരൻ, എ.എം. മത്തായി, കെ.കെ. ബിനോയി, കെ.എ. സന്തോഷ്, പി.എം. തോമസ്, എൻ. ശശിധരൻ നായർ, അമൽ അശോകൻ എന്നിവർ നേതൃത്വം നൽകി.