ഇടുക്കി : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന കെസ്‌റു, മൾട്ടിപർപ്പസ് ജോബ് ക്ലബ് എന്നീ സ്വയംതൊഴിൽ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കെസ്‌റു പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുള്ള 21നും 50നും മദ്ധെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദധാരികളായ വനിതകൾ, പ്രൊഫഷണൽ സാങ്കേതിക വിദ്യയുള്ളവർ, ഐ.ടി.ഐ, ഐ.ടി.സികളിൽ നിന്നും വിവിധ ട്രേഡുകളിൽ നിന്നും പരിശീലനം കരസ്ഥമാക്കിയവർ എന്നിവർക്ക് മുൻഗണനയുണ്ട്. കെസ്‌റു പദ്ധതിക്ക് പരമാവധി വായ്പാ തുക 1,00,000 രൂപയാണ്. വായ്പയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോൺ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. മൾട്ടിപർപ്പസ് ജോബ് ക്ലബ് പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നിലവിലുള്ള 21നും 45നും മദ്ധ്യെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക/ പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായി വയസ്സിളവ് ലഭിക്കും. ജോബ് ക്ലബിൽ രണ്ട് പേരിൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10,00,000 രൂപ അനുവദിക്കും. 25 ശതമാനം സബ്‌സ്ഡി ലഭിക്കും. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. ജില്ലയിലെ ദേശസാത്കൃത ഷെഡ്യൂൽഡ് ബാങ്കുകൾ, സംസ്ഥാന/ ജില്ലാ സഹകരണ ബാങ്കുകൾ, കെ.എസ്.എഫ്.ഇ, മറ്റ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് പദ്ധതികൾ നടപ്പാക്കുന്നത്. അപേക്ഷാഫോം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ലഭിക്കും. അപേക്ഷകൾ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസുകളിലോ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് ഇടുക്കി 04868 272262, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പീരുമേട് 04869 233730, അടിമാലി 04864 224114, തൊടുപുഴ 04862 222172.