dhanush
വാഴവര സ്വദേശി ധനുഷ് നിർമിച്ച ഇൻകൂബേറ്റർ.

കട്ടപ്പന: കൊവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ ധനുഷിനു തോന്നിയ ആശയത്തിൽ മുട്ടകൾ കൃത്രിമമായി വിരിയിക്കാവുന്ന മിനി ഇൻകുബേറ്റർ തയ്യാർ. 17 താറാവ് കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് ആദ്യ പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചു. ഒരേസമയം 250 മുട്ടകൾ വിരിയിച്ചെടുക്കാൻ കഴിയുന്ന ഇൻകുബേറ്ററാണ് വാഴവര പാറയ്ക്കൽ ധനുഷ് പി.രഘുനാഥ് തയാറാക്കിയത്. മുട്ടം പോളിടെക്‌നിക് കോളജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് വിദ്യാർഥിയാണ്. ലോക്ഡൗൺ കാലത്ത് തോന്നിയ ഇൻകുബേറ്റർ ആശയം മൂന്നുദിവസം കൊണ്ടാണ് തയാറാക്കിയത്. ഇലക്‌ട്രോണിക്‌സ് വിദ്യാർഥിയായതിനാൽ സാധനസാമഗ്രികൾ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. പൊക്കവും ഒന്നരയടി വീതിയുമുള്ള ബോക്‌സും അതിനുള്ളിൽ തെർമോക്കോൾ ഉപയോഗിച്ച് മുട്ടകൾ അടുക്കിവയ്ക്കാൻ ട്രേകളും സ്ഥാപിച്ചു. ബൾബ് പ്രകാശിപ്പിച്ച് ബോക്‌സിനുള്ളിൽ ചൂട് ലഭ്യമാക്കും. താപനില അറിയാനുള്ള ഡിജിറ്റൽ മീറ്റർ ഇൻകൂബേറ്ററിന്റെ പുറത്തുണ്ട്. ചൂട് കൂടിയാൽ തനിയെ ബൾബ് ഓഫാകും. കൂടാതെ പെട്ടിക്കുള്ളിൽ ചൂട് എല്ലാ ഭാഗത്തേക്ക് എത്താൻ ഫാനും ഈർപ്പത്തിനായി പാത്രത്തിൽ വെള്ളവും ക്രമീകരിച്ചിട്ടുണ്ട്. ആദ്യസംരംഭം വിജയകരമായതോടെ അയൽവാസികളടക്കം നിരവധി പേർ ഇൻകുബേറ്റർ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടെന്ന് ധനുഷ് പറയുന്നു. കൂടുതൽ മുട്ടകൾ വിരിയിച്ചെടുക്കാനുള്ള വലിയ ഇൻകുബേറ്റർ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ധനുഷ്.