മറയൂർ: കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന മറയൂർ കാന്തല്ലൂർ മേഖലയിൽ വീട്ടുവളപ്പിലെത്തിയ ആനയുടെ ആക്രമണത്തിൽ കറവപശുവിന് പരിക്കേറ്റു. കാന്തല്ലൂരിലെ ഗുഹനാഥപുരത്ത് രമണിയുടെ വീട്ടിലെ പശുവിനെയാണ് ചൊവ്വാഴ്ച്ച പുലർച്ചെയെത്തിയ ഒറ്റയാൻ കുത്തി പരിക്കേൽപ്പിച്ചത്. രാവിലെ പശുവിനെ കാട്ടുകൊമ്പൻ ആക്രമിക്കുന്ന സമയത്ത് വീട്ടിൽ അറുപത്തി അഞ്ച് വയസ്സ് പിന്നിട്ട രമണിയും ചെറുമകളും മാത്രമാണ് ഉണ്ടായിരൂന്നത്. അടുത്ത ദിവസങ്ങളിലായി ഈ ഭാഗത്ത് ചുറ്റിതിരിയുന്നഅക്രമണകാരിയായ കൊമ്പൻ മൂലം പ്രദേശവാസികൾ ഭീതിയിലാണ്. പഴം പച്ചക്കറി കർഷക ആയിരുന്ന രമണി സമീപ വർഷങ്ങളിൽ വന്യമൃഗങ്ങൾ നിരന്തരം കൃഷി നശിപ്പിച്ചതിനെ തുടർന്നാണ് കന്നുകാലി വളർത്തലിലേക്ക് മാറിയത്. വായ്പയെടുത്താണ് പശുവിനെ വങ്ങിയത് കാട്ടാനയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ പശുവിനെ കാന്തല്ലൂർ വെറ്റിനറി ഡോക്ടർ എത്തി ചികിത്സ നൽകി. ചിന്നാൽ വന്യജീവി സങ്കേതത്തിൽ കൊടും വരൾച്ച നേരിടുന്നതിനെ തുടർന്ന് കാട്ടനകൾ കാർഷിക മേഖലയായ കാന്തല്ലൂരിലെ കൃഷിയിടങ്ങളിലും എത്തുന്നത്.