തൊടുപുഴ: 21ന് തൊടുപുഴയിൽ കൊവിഡ് -19 സ്ഥിരീകരിച്ച ബസ് ഡ്രൈവറുമായി സമ്പർക്കത്തിലേർപ്പെട്ടവർ അമ്പതിലേറെ പേർ. 16 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും 37 പേർ രണ്ടാം സമ്പർക്കപട്ടികയിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. രണ്ടാം സമ്പർക്കപട്ടികയുടെ എണ്ണം ഇനിയും കൂടും. പ്രാഥമിക സമ്പർക്കപട്ടികയിൽ ഇയാളുടെ ഭാര്യയും മകനും സുഹൃത്തും ബൈക്കിൽ ലിഫ്‌റ്റ് വാങ്ങിയയാളും ഒരു ആട്ടോറിക്ഷ ഡ്രൈവറും ഉൾപ്പെടുന്നു. ഇയാൾക്കൊപ്പം വീട്ടിൽ നിരീക്ഷണത്തിലിരുന്ന സുഹൃത്തും വീണ്ടും നിരീക്ഷണത്തിൽ പോകേണ്ടി വന്നു. ഇയാളും നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്നിരുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഇയാളുടെ ഭാര്യയും മൂന്ന് മക്കളും നിരീക്ഷത്തിൽ പോയിട്ടുണ്ട്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി പൂർണമായും സഹകരിക്കാത്തത് ആരോഗ്യപ്രവർത്തകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയേക്കും. ഇയാൾക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ലാത്തത് ആശ്വാസകരമാണ്. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഇയാൾ 17ന് സ്വകാര്യ ആശുപത്രിയിൽ പോയിട്ടുണ്ട്. ഇവിടെ എട്ടോളം പേരുമായി സമ്പർക്കത്തിലേർപ്പെട്ടു. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഇയാളുടെ സുഹൃത്താണ് പോയത്. രണ്ടിടത്തും മരണവിവരമറിഞ്ഞ് പോയതാണ്. കുമാരമംഗലത്തെ മരണവീട്ടിലും ഇയാൾ ചെന്നതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ സുഹൃത്ത് മാത്രമാണ് പോയതെന്നും രോഗി പോയിട്ടില്ലെന്നുമാണ് നിഗമനം. 19ന് ഭാര്യയും മകനും ഇയാളെ കാണാൻ വന്നിരുന്നു. അന്ന് ആട്ടോറിക്ഷയിൽ ഒരു മരണ വീട്ടിലും പോയി. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ പോയ കാര്യം ഇയാൾ സമ്മതിക്കുന്നില്ലെങ്കിലും സ്റ്റാൻഡിൽ കട നടത്തുന്നവരും മറ്റ് ഡ്രൈവർമാരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഇയാൾ ടൗണിൽ ഒരു മൊബൈൽ കടയിൽ കയറിയെന്ന് പറയുന്നുണ്ടെങ്കിലും ആരോഗ്യപ്രവർത്തകരുടെ അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കാനായില്ല. ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ഇയാൾ പശ്ചിമബംഗാളിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവിടാൻ പോയതായിരുന്നു.
വിനയായത് ഫേക്ക് മെസേജ് വാട്ട്സ്‌ആപ്പ്
ബസ് ഡ്രൈവർ കൊവിഡ് ലംഘിച്ച് കറങ്ങിനടക്കാൻ കാരണം വാട്ട്സ്ആപ്പിൽ വന്നൊരു ഫേക്ക് മെസേജ്. ഡ്രൈവർമാർക്ക് ഏഴ് ദിവസം നിരീക്ഷണം മതിയെന്ന് വാട്ട്സ്ആപ്പിൽ വന്ന വ്യാജ സന്ദേശം കണ്ടാണ് കറങ്ങി നടന്നതെന്ന് ഇയാൾ ആരോഗ്യപ്രവർത്തകരോട് പറഞ്ഞു.