തൊടുപുഴ:ഇരുപത് വർഷം മുമ്പ് ജില്ലയിൽ ആദ്യമായി വനിതകൾക്ക് വേണ്ടി മാത്രമായി ഫെമിന എന്ന പേരിൽ ഒരു ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചയാളാണ് ഉമാ മോഹൻ. ആയിരക്കണക്കിന് സ്ത്രീകളെയാണ് ഉമ വളയം പിടിക്കാൻ പിടിപ്പിച്ചത്. എന്നാൽ നാളിതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഉമയടക്കമുള്ള ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാർ ഇപ്പോൾ നേരിടുന്നത്. ലോക്ക് ഡൗൺ ഇളവുകളോടെ ഓരോ മേഖലയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും തൊഴിലാളികളും മാത്രം ഇപ്പോഴും റിവേഴ്‌സ് ഗിയറിലാണ്. മൂന്നരമാസത്തോളം പ്രവർത്തനം നിലച്ച ഡ്രൈവിംഗ് പരിശീലനഗ്രൗണ്ടിലെ ഇരുചക്രവാഹനമടക്കം മഴയും വെയിലുമേറ്റ് തുരുമ്പ് പിടിച്ചു, ചുറ്റും കാടുകയറി. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരം മാർച്ച് 10ന് അടച്ചിട്ടതാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ. ഇതുവരെ തുറക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. ജില്ലയിൽ ഇരുന്നൂറോളം ഡ്രൈവിംഗ് സ്‌കൂളുകളിലായി ആയിരത്തിലധികം വരുന്ന ജീവനക്കാരാണ് മൂന്നര മാസത്തോളമായി വരുമാനമൊന്നുമില്ലാതെ കഴിയുന്നത്. പലരും സ്വയംതൊഴിൽ വായ്പയെടുത്തും സ്വർണ്ണം പണയം വച്ചും പലിശയ്ക്ക് കടവുമെടുത്താണ് സ്ഥാപനങ്ങൾ നടത്തുന്നത്. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവുകളെല്ലാം മുടങ്ങി. വേനലവധി കാലത്ത് കൂടുതൽ പേർ ഡ്രൈവിംഗ് പഠിക്കാനെത്തുന്നത് ഈ മേഖലയ്ക്ക് ഗുണം ചെയ്തിരുന്നു. എന്നാൽ കൊവിഡ് ആയതിനാൽ ഈ സീസണും നഷ്ടമായി.

ഏത് നിർദ്ദേശവും പാലിക്കാം

സ്വകാര്യ വാഹനങ്ങളിലും മറ്റും നാല് പേരെ വരെ കയറ്റി യാത്ര ചെയ്യാൻ അനുമതി നൽകാമെങ്കിൽ എന്തു കൊണ്ട് വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തങ്ങളെയും നിരത്തിലിറങ്ങാൻ അനുവദിച്ചു കൂടെന്നാണ് ഇവരുടെ ന്യായമായ ചോദ്യം. രണ്ട് പേരെ വച്ചെങ്കിലും പഠിപ്പിക്കാനുള്ള അനുമതി നൽകണമെന്നാണ് ആവശ്യം. കൃത്യമായി മാസ്‌ക് ധരിച്ചും വാഹനങ്ങൾ അണുവിമുക്തമാക്കിയും സർക്കാരിന്റെ കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാം പാലിക്കാൻ തങ്ങൾ തയ്യാറാണെന്നും ഇവർ വ്യക്തമാക്കുന്നു.

ഒരു സഹായവും കിട്ടിയില്ല

ലോക്ക് ഡൗണിനെ തുടർന്ന് സമസ്ത തൊഴിൽ മേഖലകളിലും സർക്കാർ സഹായവും ആശ്വാസ നടപടികളും ഉണ്ടായെങ്കിലും ലക്ഷകണക്കിനാളുകളുടെ ഉപജീവനോപാധിയായ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് മാത്രം സർക്കാരിൽ നിന്ന് യാതൊരു സഹായവും ഇതുവരെ ലഭിച്ചില്ല. സർക്കാർ ക്ഷേമനിധികളില്ലാത്തതിനാൽ യാതൊരുവിധ ആനുകൂല്യങ്ങളും തങ്ങൾക്ക് ലഭ്യമാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.

''സ്‌കൂളുകളുടെ പട്ടികയിൽ ഡ്രൈവിംഗ് സ്‌കൂളുകളെയും പെടുത്തിയത് കൊണ്ടാണ് പ്രവർത്തനാനുമതി ലഭിക്കാൻ വൈകുന്നത്. മേഖലയെ തൊഴിൽ മേഖലയായി കാണാൻ നടപടി ഉണ്ടാകണം. എത്രയും വേഗം തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണം.""

- മാത്യു ജോർജ് (ജില്ലാ പ്രസിഡന്റ്, ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ)