lucy
ലൂസി ജോസഫ്

ബി.ജെ.പി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു

തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്സണായി കേരളം കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിലെ ലൂസി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലൂസിക്ക് 14 വോട്ടും എൽ.ഡി.എഫിലെ രാജീവ് പുഷ്പാംഗദന് 13 വോട്ടും ലഭിച്ചു. എട്ട് അംഗങ്ങളുള്ല ബി.ജെ.പി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു. അതിനാൽ ആദ്യ റൗണ്ടിൽ തന്നെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. തുടർന്ന് ലൂസി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മുൻ ചെയർപേഴ്സൺ ഉൾപ്പെടെ കേരളാകോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലുള്ള രണ്ട് വനിതാ അംഗങ്ങളും യു.ഡി.എഫിനാണ് വോട്ടു ചെയ്തത്. 35 അംഗങ്ങളുള്ള കൗൺസിലിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- 8 എന്നിങ്ങനെയാണ് കക്ഷി നില. 27-ാം വാർഡ് പ്രതിനിധിയായ ലൂസി ജോസഫ് നാലാമത്തെ വൈസ് ചെയർപേഴ്സണാണ്. കോൺഗ്രസ് അംഗമായ എം.കെ. ഷാഹുൽഹമീദ് യു.ഡി.എഫ് ധാരണ പ്രകാരം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആദ്യം കോൺഗ്രസ് അംഗമായ ടി.കെ. സുധാകരൻ നായരായിരുന്നു വൈസ് ചെയർമാൻ. രണ്ടര വർഷത്തിന് ശേഷം മുസ്ലിംലീഗ് അംഗമായ സി.കെ. ജാഫർ വൈസ് ചെർമാനായി. പിന്നീടാണ് ഷാഹുൽഹമീദ് വൈസ് ചെയർമാനായത്. ഈ ഭരണസമിതിക്ക് ഇനി നാല് മാസം കാലാവധിയാണുള്ളത്.