കട്ടപ്പന: കമ്പംമെട്ട് ചെക്‌പോസ്റ്റിൽ കോവിഡ് ഡ്യൂട്ടിയിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ, പുറ്റടി സർക്കാർ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതായി പരാതി. സംഭവത്തിൽ കരുണാപുരം സർക്കാർ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആന്റണിക്കെതിരെ വണ്ടൻമേട് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പുറ്റടി സർക്കാർ ആശുപത്രി ക്വാർട്ടേഴ്‌സിൽ മദ്യലഹരിയിൽ അതിക്രമിച്ചുകടന്ന ആന്റണി, പുറ്റടിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്കുനേരെ അസഭ്യവർഷം നടത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പുറ്റടി ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ആന്റണി എത്തിയ കാറിനുള്ളിൽ മദ്യക്കുപ്പി ഉണ്ടായിരുന്നതായും ആശുപത്രിയിലെ ജീവനക്കാർ പറയുന്നു. ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പുറ്റടി ആശുപത്രിയിലെ ഡോക്ടർ മർദിച്ചതായി ആരോപിച്ച് ആന്റണി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മൊഴിയെടുത്ത ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും വണ്ടൻമേട് പൊലീസ് അറിയിച്ചു.