തൊടുപുഴ: ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ അഞ്ച് പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കുവൈറ്റിൽ നിന്നും രണ്ട് പേർ അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 12ന് കുവൈറ്റിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ കരുണാപുരം സ്വദേശികളായ രണ്ട് യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 35 വയസുള്ള ഇരുവരും അടുത്തടുത്ത സീറ്റുകളിൽ ഇരുന്നാണ് യാത്ര ചെയ്തത്. സ്വകാര്യ കാറിൽ രാജാക്കാട് എത്തിയ ഇവർ സ്വകാര്യ റിസോർട്ടിൽ പെയ്ഡ് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഒരാൾക്ക് രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് ഇരുവരുടെയും സ്രവം പരിശോധനയ്ക്കായി ശേഖരിക്കുകയായിരുന്നു. രണ്ടും പേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവരോടൊപ്പം ഇതേ വിമാനത്തിൽ വന്ന കട്ടപ്പന വെള്ളയാംകുടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
കുവൈറ്റിൽ നിന്ന് 13ന് കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാർ സ്വദേശിയായ 57കാരൻ സർക്കാർ ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി. ബസിലാണ് തൊടുപുഴയിലെത്തിയത്. ഇവിടെ നിന്ന് ടാക്‌സിയിൽ വണ്ടിപ്പെരിയാറിലേക്ക് പോകുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു.
ഭർത്താവിനൊപ്പം വിമാനമാർഗം ഏഴിന് ഡൽഹിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ പൈനാവ് സ്വദേശിയായ 27കാരിക്കും രോഗം സ്ഥിരീകരിച്ചു. പൈനാവ് കെ.വി. ക്വാർട്ടേഴ്‌സിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഭർത്താവിന്റെ ഫലം നെഗറ്റീവാണ്.
ചെന്നൈയിൽ നിന്ന് വന്ന മണിയാറൻകുടി സ്വദേശിനിയായ 44കാരിക്കും രോഗം സ്ഥിരീകരിച്ചു. ഭർത്താവും മകനും കൂടെയുണ്ടായിരുന്നു. സ്വകാര്യ കാറിൽ കുമളി ചെക്പോസ്റ്റ് വഴി വന്ന ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
കാഞ്ചിപുരത്ത് നിന്ന് വന്ന 26കാരനാണ് മൂലമറ്റത്ത് രോഗം സ്ഥിരീകരിച്ചത്. ഒമ്പതിന് നാട്ടിലെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊച്ചി വരെ ബസിനും അവിടെ നിന്ന് ടാക്‌സിയിലുമാണ് എത്തിയത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് സ്രവ പരിശോധന നടത്തുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇവർ രോഗമുക്തരായവർ
* ചെന്നൈയിൽ നിന്ന് മൂന്നാറിലെത്തിയ 66കാരൻ. മേയ് 30ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ.
* ചെന്നൈയിൽ നിന്നെത്തിയ കട്ടപ്പന വാഴവര സ്വദേശിനിയായ 25കാരി. ജൂൺ മൂന്നിന് രോഗം സ്ഥിരീകരിച്ചു.
* അബുദാബിയിൽ നിന്നെത്തിയ കോക്കയാർ സ്വദേശിയായ 35കാരൻ. 12നാണ് രോഗം സ്ഥിരീകരിച്ചത്.
* 14ന് രോഗം സ്ഥിരീകരിച്ച കുമളി റോസാപ്പൂക്കണ്ടം സ്വദേശി പതിനാറുകാരി. തേനിയിൽ നിന്നാണ് വന്നത്.
* ഹൈദ്രാബാദിൽ നിന്നെത്തിയ പെരുവന്താനം സ്വദേശിയായ ഡോക്ടർ. 32കാരനായ ഇദ്ദേഹത്തിന് 15നാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.