ചെറുതോണി: കഴിഞ്ഞ ദിവസം ചെറുതോണിയിൽ നാമമാത്ര വസ്ത്രം മാത്രമുള്ള ഒരാൾ ബോധംകെട്ട് കടത്തിണ്ണയിൽ കിടക്കുന്ന കാഴ്ച്ച കണ്ട് നാട്ടുകാർ പലരും വഴിമാറിപ്പോയി. അപരിചിതനായ അയാൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാതെവന്നതോടെ ജില്ലാ ഭരണകൂടത്തിലെ ഉന്നതരായ ചിലരെ വിളിച്ചറിയിച്ച് അവിടെ നിന്നും മാറ്റുകയായിരുന്നു. ഏതോ ആനമയക്കി മദ്യം കഴിച്ച് സ്ഥലകാല ബോധം നശിച്ച്അയാൾ കിടന്ന് പോയതായിരുന്നു.അടുത്ത ഏതാനും നാളുകളായി ഇങ്ങനെ പല അപരിചിതരും ടൗണിൽ എത്തുമ്പോഴത്തെ അവസ്ഥയിലല്ല തിരികെപ്പോകുന്നത്. എവിടെനിന്നെക്കൊയോ ഇവർക്കാവശ്യമായ മദ്യം ലഭിക്കുന്നുണ്ട്. സർക്കാർ മദ്യവിതരണ കേന്ദ്രങ്ങൾ ഇവിടെ അടുത്തെങ്ങുമില്ല. അപ്പോൾ കാര്യം വ്യക്തം വ്യാജമദ്യം എവിടെനിന്നോ സുലഭമായി ഒഴുകുന്നുണ്ട്.ജില്ലാ ആസ്ഥാനത്തിന്റെ പരിസര പ്രദേശങ്ങളിൽ വ്യാജമദ്യ നിർമാണവും വിൽപനയും നടക്കുന്നതായാണ് വിവരം.ചെറുതോണി, തടിയംപാട്, ചേലച്ചുവട്, കഞ്ഞിക്കുഴി, പഴയരിക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ വ്യാജമദ്യം ഇറങ്ങുന്നുണ്ട്.
ആളും തരവും
നോക്കി കച്ചവടം
.വനത്തിൽ നിർമിക്കുന്ന ചാരായം കന്നാസുകളിൽ ചുമന്ന് ജനവാസ കേന്ദ്രങ്ങളിലെ ത്തിച്ചശേഷം വാഹനത്തിൽ കടത്തികൊണ്ടുപോകുന്നുണ്ടെന്ന് പറയുന്നു . ചാരായം ആവശ്യക്കാർക്ക് ലിറ്ററിന് ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെ ഈടാക്കുന്ന ഇടനിലക്കാരുമുണ്ടത്രേ. ആളും തരവും നോക്കിയാണ് കച്ചവടം.സ്വന്തം ആവശ്യത്തിനായി രണ്ടും മൂന്നുപേർ ചേർന്ന് വാറ്റുന്നതും കുറവല്ല.യു.ടൂബിൽ നിന്ന് ചാരായം നിർമ്മിക്കുന്നതിനുള്ള അറിവ് ലഭിക്കുന്നതിനാൽ സ്വന്തം വീടുകളിലും ക്വാർട്ടേഴ്‌സുകളിലും ഗ്യാസ് സ്റ്റൗവ് ഉപയോഗിച്ച് ആധുനിക രീതിയിൽ ചാരായം വാറ്റുന്നവരുമുണ്ട്.