ചെറുതോണി:വാത്തിക്കുടി പഞ്ചായത്തിൽ യു.ഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കും. 18 അംഗ ഭരണസമിതിയിൽ ഇരുമുന്നണിക്കും ഒൻപത് സീറ്റുകൾ വീതമാണുള്ളത്. നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം ലഭിക്കുകയും പി.കെ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അടുത്തനാളിൽ ജനാധിപത്യ കേരള കോൺഗ്രസ് യു.ഡി.എഫിനൊപ്പം ചേർന്നു. ജനാധിപത്യ കേരള കോൺഗ്രസിലെ പ്രദീപ് ജോർജ് യു.ഡി.എഫിന് വാട്ടുചെയ്താൽ മാത്രമേ അവിശ്വാസം പാസാകുകയുള്ളൂ. ഇലക്ഷൻ സമയത്ത് സി.പി.എം സ്വതന്ത്രൻ എന്ന ലേബലിലാണ് പ്രദീപ് ജോർജ് മത്സരിച്ചത്. കൂറുമാറ്റ നിരോധന നിയമമനുസരിച്ച് പ്രദീപ് ജോർജിന് അയോഗ്യതയുണ്ടാകാൻ സാദ്ധ്യതയുണ്ട് . അതിനാൽ പ്രദീപ്‌ജോർജ് യു.ഡി.എഫിനൊപ്പമാണെങ്കിലും അവിശ്വാസത്തിനനുകൂലമായി വോട്ടുചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് എൽ. ഡി. എഫ് നേതാക്കൾ കരുതുന്നത്.അതിനാൽ പ്രതിസന്ധി ഉണ്ടാകാനിടയില്ല.