ഇടുക്കി: 2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരി ക്ഷേമനിധി ബോഡിൽ അംഗങ്ങളായ ചപ്പാത്തിലെ വ്യാപാരികൾക്ക് ക്ഷേമനിധി ബോർഡിന്റെ ധനസഹായം ലഭിച്ചു. ഓരോ വ്യാപാരിക്കും ലഭിക്കേണ്ടുന്ന തുക അവരുടെ അക്കൗണ്ടുകളിൽ എത്തും.സംസ്ഥാനത്താകെ വ്യാപാരി ക്ഷേമനിധി ബോഡിൽ അംഗങ്ങളായ വ്യാപാരികൾക്ക് ഈ വിധം ധനസഹായം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചപ്പാത്തിലെ വ്യാപാരികൾക്കും ധനസഹായത്തുക എത്തുന്നത്.സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമതി ചപ്പാത്ത് യൂണിറ്റ് സെക്രട്ടറി സി ജെ സ്റ്റീഫൻ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും ധനസഹായത്തുകയുടെ ചെക്ക് ഏറ്റ് വാങ്ങി.ചപ്പാത്ത് മേഖലയിലെ 23 വ്യാപാരികൾക്ക് ധനസഹായം ലഭിക്കും.പ്രളയ കാലത്ത് ചപ്പാത്തിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി നഷ്ടം സംഭവിച്ചിരുന്നു.ചപ്പാത്ത് മേഖലയിൽ മാത്രം ഏഴ് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപയുടെ സഹായം ലഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ചപ്പാത്ത് യൂണിറ്റ് സെക്രട്ടറി സി ജെ സ്റ്റീഫൻ പറഞ്ഞു.ജില്ലയിൽ ആകെ പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുടെ ധനസഹായമാണ് ക്ഷേമനിധി ബോഡിൽ നിന്നും ലഭിക്കുക.