തൊടുപുഴ: 'സുഹൃത്തുക്കളേ, വളരെ ഗൗരവുമുള്ള ഒരു കാര്യം പറയാനാണ് ഞാൻ ഈ വോയിസ് ക്ലിപ്പ് ഇടുന്നത്. നമ്മുടെ തൊടുപുഴയിൽ കൊവിഡ് സമൂഹവ്യാപനത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാൾ ടൗണിലെല്ലാം കറങ്ങി നടന്നു, പല കടകളിലും കയറി. ഇതെന്നോട് ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതാണ്....." ഇത്തരത്തിലുള്ള ഒരു വോയിസ് ക്ലിപ്പെങ്കിലും വാട്ട്സ്ആപ്പിൽ കിട്ടാത്തവർ ചുരുക്കമായിരിക്കും. കൊവിഡ് രോഗബാധയേക്കാൾ വേഗത്തിലാണ് ജില്ലയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ പരക്കുന്നത്. പലതും വിശ്വസിക്കാനുതകുന്ന മേമ്പൊടികൾ ചേർത്തതുമായിരിക്കും.രോഗമില്ലാത്തവരെ രോഗബാധിതരായി ചിത്രീകരിച്ചും നാട്ടിൽ സമൂഹ വ്യാപനമായെന്നും മറ്റുമുള്ള വ്യാജ സന്ദേശങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇവർ ഭരണകൂടത്തിനും പൊതുജനത്തിനും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്. ജില്ലയിൽ ഓരോ കൊവിഡ് കേസുകളും സ്ഥിരീകരിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് വ്യാജ പ്രചാരണം നടത്തുന്നത്. കേൾക്കുന്നവർ വിശ്വസിക്കുന്ന തരത്തിൽ വളരെ ആധികാരികമായാണ് ഇവർ സംസാരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധന ഫലം ലഭിക്കുന്നതിന് മുമ്പ് രോഗംസ്ഥിരീകരിച്ചെന്ന വ്യാജ പ്രചാരണം നടത്തുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ ബസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപകമായി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഭൂരിഭാഗം കാര്യങ്ങളും അടിസ്ഥാനരഹിതമായിരുന്നു. നഗരത്തിലെ ഒരു തുണിക്കടയിലെ ജീവനക്കാരിക്ക് രോഗം ബാധിച്ചെന്നും പ്രചരിപ്പിക്കപ്പെട്ടു. ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് എല്ലാത്തിന്റെയും ഉദ്ദേശ്യമെന്ന് വ്യക്തം. രോഗികളെയോ നിരീക്ഷണത്തിലിരിക്കുന്നവരുടെയോ മാനസികാവസ്ഥയോ അവരുട കുടുംബത്തിന്റെ സ്ഥിതിയോ ഇവർക്ക് പ്രശ്നമല്ല. കട്ടപ്പന സ്വദേശിയായ ഡ്രൈവർക്ക് രോഗം പിടിപെട്ടപ്പോഴും ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിച്ചിരുന്നു. പത്രങ്ങളിലും ടി.വി ചാനലുകളിലും എല്ലാ ദിവസവും കൊവിഡ് സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ നൽകുന്നുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇത്തരം വ്യാജസന്ദേശങ്ങൾ കിട്ടിയ ഉടൻ മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നവരും ഏറെയാണ്. ബുധനാഴ്ച പീരുമേടിന് സമീപം 55-ാം മൈലിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്കേറ്റെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ചില്ലറ പൊല്ലാപ്പല്ല ഉണ്ടാക്കിയത്. ഒടുവിൽ സംഭവത്തെക്കുറിച്ചന്വേഷിച്ചപ്പോഴാണ് 2015 ലുണ്ടായ വാഹനാപകടമായിരുന്നുവെന്ന് മനസിലായത്. പക്ഷേ, അപ്പോഴേക്കും സത്യമന്വേഷിക്കാതെ നൂറ് കണക്കിനാളുകൾ വ്യാജവാർത്ത ഷെയർ ചെയ്തിരുന്നു.
വ്യാജൻ കുടുങ്ങും
'ഇത്തരത്തിൽ വ്യാജപ്രചരണം നടത്തുന്നവരെ കണ്ടെത്തും. പലരും ഇതൊരു തൊഴിൽ പോലെ ചെയ്യുന്ന സാഹചര്യമാണ്. അവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകും.
- എച്ച്. ദിനേശൻ (ജില്ലാ കളക്ടർ)