തൊടുപുഴ: നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായാതായി വ്യാപക പരാതി. ഗാന്ധിസ്‌ക്വയറിന് സമീപവും നഗരസഭ ടൗൺഹാളിന് സമീപത്തുമാണ് മദ്യപൻമാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വർദ്ധിച്ചിരിക്കുന്നത്. ടൗൺഹാളിനും സമീപത്തുമാണ് നഗരത്തിലെ കൂടുതൽ സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നതെന്ന് ഇവിടെ കച്ചവടം നടത്തുന്ന വ്യാപാരികൾ പറയുന്നു. ടൗൺഹാൾ കെട്ടിടത്തിനു പിന്നിലും മുന്നിലെ വെയിറ്റിംഗ് ഷെഡിലും സമീപത്തെ തണൽമരച്ചുവട്ടിലുമൊക്കെയാണ് ഇവർ തമ്പടിക്കുന്നത്. നേരം ഇരുട്ടിയാൽ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിയ്ക്കാൻ പോലും യാത്രക്കാർക്ക് ഭയമാണ്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണെങ്കിലും പൊലീസിന്റെ ശ്രദ്ധ ഈ മേഖലയിൽ കാര്യമായി പതിയുന്നില്ലെന്നും പരാതിയുണ്ട്. നഗരത്തിൽ ഒട്ടേറെയാളുകൾ വന്നു പോകുന്ന മേഖലയാണ് ടൗൺഹാളും പരിസര പ്രദേശങ്ങളും. പുലർച്ചെ മുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ തമ്പടിക്കും. പിന്നീട് ഇവിടെ മറ്റു യാത്രക്കാരും കൂടി എത്തുന്നതോടെ വലിയ തിരക്കേറും. ഇതിനിടെയാണ് സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഇവിടം താവളമാക്കുന്നത്. ടൗൺഹാളിനു പിന്നിൽ തൊടുപുഴയാറ്റിലെ കടവിനോടു ചേർന്നുള്ള ഭാഗം രാവിലെ മുതൽ തന്നെ മദ്യപർ കൈയടക്കും. ഇവിടെ മദ്യക്കുപ്പികൾ കൂടിക്കിടക്കുന്നത് പതിവു കാഴ്ചയാണ്. കഞ്ചാവ് പോലെ മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും ഇവിടം കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. രാത്രി കടകൾ അടയ്ക്കുന്നതോടെ ഇവിടെ വെളിച്ചം കുറയുന്നതിനാൽ സാമൂഹ്യവിരുദ്ധർ പ്രദേശം താവളമാക്കും. ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികൾക്ക് ഉൾപ്പടെ ഇവർ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.ഏതാനും ദിവസം മുൻപ് വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തു നിന്ന വീട്ടമ്മയെ പതിവായി ഇവിടെ മദ്യപിച്ചെത്തുന്ന സ്ത്രീ ആക്രമിച്ച സംഭവമുണ്ടായി. പരിക്കേറ്റ വീട്ടമ്മയെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. പൊലീസ് കാര്യമായ ശ്രദ്ധ പതിപ്പിക്കാത്തതിനാൽ വ്യാപാരികൾ തന്നെ പ്രതിരോധത്തിനായി കുറുവടികൾ സൂക്ഷിക്കേണ്ട അവസ്ഥയാണെന്നും കച്ചവടക്കാർ പറയുന്നു. തെരുവു വിളക്കുകളുടെ അഭാവവും സിസിടിവികൾ പ്രവർത്തന ക്ഷമമല്ലാത്തതുമാണ് നഗരത്തിൽ സമൂഹ്യവിരുദ്ധ ശല്യത്തിനു പ്രധാന കാരണമാകുന്നത്. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കാര്യമായ പരിശോധന നടത്താത്തതും ഇത്തരക്കാർക്ക് തുണയാകുന്നുണ്ട്.