കട്ടപ്പന: ഡ്രൈവർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിലെ ലോഡ് ഇറക്കുന്നതിനു മാനദണ്ഡം ഏർപ്പെടുത്തി ചുമട്ടു തൊഴിലാളികൾ. ചരക്ക് വാഹനങ്ങൾ അണുമുക്തമാക്കിയ ശേഷമേ ഇനിമുതൽ ലോഡ് ഇറക്കുകയുള്ളൂവെന്നു കാട്ടി സംയുക്ത തൊഴിലാളി യൂണിയൻ ക്ഷേമനിധി ബോർഡിനും വ്യാപാരി വ്യവസായി ഏകോപന സമിതിക്കും കത്ത് നൽകി. വാഹനങ്ങൾ അണുമുക്തമാക്കുന്നതിനുള്ള സൗകര്യം വ്യാപാര സ്ഥാപനങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കട്ടപ്പന നഗരത്തിൽ 150ൽപ്പരം ചുമട്ടു തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ 50ൽപ്പരം പേർ മാർക്കറ്റിലാണ്. മാർക്കറ്റിലെ പഴയവർഗ കടയിലെ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചപ്പോൾ തൊഴിലാളികൾ ആശങ്കയിലായിരുന്നു. തുടർന്നാണ് യോഗം ചേർന്ന് സുരക്ഷ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
അതിർത്തി കടന്നെത്തുന്ന ചരക്ക് വാഹനങ്ങൾ പാറക്കടവിലെ സർവീസ് സെന്ററുകളിൽ എത്തി അണുവിമുക്തമാക്കണമെന്നാണ് ആരോഗ്യവിഭാഗം നിർദേശിച്ചിരുന്നത്. എന്നാൽ പല ഡ്രൈവർമാരും ഇക്കാര്യം പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് പല സ്ഥാപനങ്ങളും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു.