നെടുങ്കണ്ടം: വഴിത്തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പരാതിക്കാരനെ കമ്പംമെട്ട് സി.ഐ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ചേറ്റുകുഴി കുളത്തുമ്മേട് വെട്ടിക്കക്കുന്നേൽ ടിജോ അപ്പു (31) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ടിജോയുടെ വീട്ടിലേക്കുള്ള വഴിയിൽ മറ്റൊരാൾ വഴിയടച്ച് വീട് വയ്ക്കാൻ തുടങ്ങിയതോടെ കമ്പംമെട്ട് പൊലീസിൽ ടിജോ പരാതി നൽകുകയായിരുന്നു. ഒന്നരയാഴ്ച മുമ്പാണ് പരാതി നൽകിയത്. എന്നാൽ കേസ് അന്വേഷിക്കാൻ പൊലീസ് എത്തിയില്ല. പലതവണ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഒമ്പതിന് പൊലീസ് സ്റ്റേഷനിൽ എത്താൻ സി.ഐ ജി. സുനിൽകുമാർ ആവശ്യപ്പെട്ടു. ഇതിനിടെ എതിർകക്ഷി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടിജോയെ സമീപിക്കുകയും ചെയ്തിരുന്നു. രാവിലെ ഒമ്പതിന് ടിജോ സ്റ്റേഷനിൽ എത്തിയെങ്കിലും പതിനൊന്നോടെയാണ് സി.ഐ എത്തിയത്. വന്നയുടനെ കാബിനിലേക്ക് വിളിപ്പിച്ച് കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ടിജോ പറഞ്ഞു. ഇത്
സമ്മതിക്കാത്തതിനെ തുടർന്ന് തന്റെ തലയ്ക്കും ദേഹത്തും അടിക്കുകയും
അസഭ്യം പറയുകയും ചെയ്തതായി ടിജോ പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തുകയായിരുന്നു. 2014ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് തലയ്ക്ക് സ്ഥിരമായി വേദനയുള്ളയാളാണ് ടിജോ. മർദ്ദനം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ടിജോ പറഞ്ഞു.

ആരോപണങ്ങൾ അടിസ്ഥാന രഹിതം

''വഴി തർക്കവുമായി ബന്ധപ്പെട്ട കേസിൽ യുവാവ് പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. പരാതിയിൽ നിയമ നടപടിയെടുക്കാനാവില്ലെന്ന് അറിയിച്ചപ്പോൾ യുവാവാണ് പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറിയത്. വിശദമായ പരിശോധനയിൽ യുവാവിന്റെ പരാതിയിൽ കഴമ്പില്ലെന്ന് മനസിലാക്കിയതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തത്."

- ജി. സുനിൽകുമാർ (കമ്പംമെട്ട് സി.ഐ)