മൂന്നാർ: മൂന്നാറിലും സിങ്കുകണ്ടത്തുമുണ്ടായ കാട്ടാന ആക്രമണത്തിൽ കടയും വാഹനങ്ങളും ഷെഡ്ഡും തകർത്തു. മൂന്നാർ കെ.ഡി.എച്ച്.പി കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ കഴിഞ്ഞ രാത്രി ഇറങ്ങിയ ഗണേശൻ എന്ന കൊമ്പനാന വീട്ടുമറ്റത്ത് നിറുത്തിയിരുന്ന ഇരുചക്ര വാഹനങ്ങൾ ചവിട്ടി തകർത്തു. പഴനിസ്വാമി, തങ്കപ്പാണ്ടി എന്നിവരുടെ ബൈക്കുകളാണ് നശിപ്പിച്ചത്. മഹേഷിന്റെ വീട്ടു മുറ്റത്ത് നിർമ്മിച്ചിരുന്ന ഷെഡ്ഡും സമീപത്തെ വാഴകൃഷിയും നശിപ്പിച്ചു. സിങ്കുകണ്ടത്ത് പട്ടുകുന്നേൽ പി.സി. ഷാജിയുടെ കടയാണ് തകർത്തത്. ഒരിടവേളയ്ക്ക് ശേഷം ജനവാസകേന്ദ്രത്തിൽ മടങ്ങിയെത്തിയ ഗണേശനെ വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാടുകയറ്റിയത്. രണ്ടാഴ്ച മുമ്പ് മൂന്നാർ ടൗണിൽ ആനകളിറങ്ങി പഴം പച്ചക്കറി കട തകർത്തിരുന്നു. ചിന്നക്കനാൽ, ശാന്തമ്പാറ പ്രദേശങ്ങളിലെ പേടി സ്വപ്നമായ അരിക്കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റയാനാണ് സിങ്കുകണ്ടത്ത് ഇന്നലെ പുലർച്ചെ മൂന്നോടെ ഇറങ്ങി കട തകർത്തത്. ഉള്ളിലുണ്ടായിരുന്ന അരി തിന്നുകയും പലചരക്ക് സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കട തകർക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ മണിക്കൂറുകൾ പരിശ്രമിച്ചിട്ടും രാവിലെ ആറോടെ മാത്രമാണ് ആന കാട്ടിലേയ്ക്ക് പിൻവാങ്ങിയത്.