തൊടുപുഴ: ന്യൂഡൽഹിയിൽ നിന്ന് വന്ന മൂന്ന് പേർക്ക് ജില്ലയിൽ ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേർ ബന്ധുക്കളാണ്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ജില്ലയിൽ 55 ആയി. ആകെ 96 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 41 പേർ രോഗമുക്തരായി.
രോഗബാധിതർ
* വെള്ളത്തൂവൽ സ്വദേശികളായ 49ഉം 33ഉം വയസുള്ള ബന്ധുക്കൾ 17നാണ് ഡൽഹിയിൽ നിന്ന് കാർ മാർഗം വീട്ടിലെത്തിയത്. രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് 49കാരനെ ചൊവ്വാഴ്ച സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ബുധനാഴ്ച ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ നിരീക്ഷണത്തിലിരുന്ന 33കാരന്റെ സ്രവവും ചൊവ്വാഴ്ച്ചയാണ് ശേഖരിച്ചത്. ഇദ്ദേഹവും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു.
* നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിയായ 64കാരൻ 11ന് വിമാനമാർഗമാണ് കൊച്ചിയിലെത്തിയത്. കുടുംബവും ഒപ്പമുണ്ടായിരുന്നു. കൊച്ചിയിൽ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തിയ ഇവർ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ചൊവ്വാഴ്ച്ച സ്രവപരിശോധന നടത്തുകയായിരുന്നു.