തൊടുപുഴ: ആദിവാസികൾക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിൽ ആദിവാസി സംഘടനകൾക്കിടിയിൽ അഭിപ്രായവ്യത്യാസം.ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ആദിവാസികൾക്ക് പട്ടയം നൽകാനുള്ള സർക്കാർ തീരുമാനത്തെ ഐക്യ മലയരയ സഭയും കേരള ആദിവാസി ഫോറവും അനുകൂലിക്കുമ്പോൾ എം. ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ ഇതിനെതിരെ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്. വനാവകാശമുള്ള ഭൂമി റവന്യൂ ഭൂമിയാകുന്നതോടെ, ആദിവാസികൾക്കുള്ള വനവിഭവങ്ങളുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുമെന്ന് ഗീതാനന്ദൻ പറയുന്നു. ആദിവാസി ഊര്കൂട്ടങ്ങൾ എന്ന നിലയിൽ ഗ്രാമസഭകൾക്ക് വനത്തിലുള്ള എല്ലാ സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെടും. മുതുവാൻ, മന്നാൻ, ഉള്ളാടർ, ഊരാളി, മലപണ്ടാരം, മലയരയർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾക്ക് വനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുക അസാദ്ധ്യമാകുമെന്നും ഗോത്രമഹാസഭ പറയുന്നു. ആദിവാസി വനാവകാശം റദ്ദാക്കുന്നത് ആതിരപ്പള്ളി പദ്ധതിക്കുള്ള മുന്നൊരുക്കമാണെന്നും ഇവർ ആരോപിക്കുന്നു. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് തടസം നിന്നത് ഊര് കൂട്ടമായിരുന്നു. ഊര് കൂട്ടത്തിന്റെ വനാവകാശം ഘട്ടം ഘട്ടമായി റദ്ദാക്കി, ആതിരപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള നിഗൂഢമായ താത്പര്യം നിയമവകുപ്പിനുണ്ട്. ഭൂമിയുടെ ക്രയവിക്രയം തീരുമാനിക്കുന്നത് ശക്തരായ റിയൽ എസ്റ്റേറ്റുകാരും ക്വാറിമാഫിയകളും, കൈയേറ്റക്കാരുമാകും. ആദിവാസികൾ പതുക്കെ മലയിറങ്ങേണ്ടിവരുമെന്നും ഗീതാനന്ദൻ പറഞ്ഞു. ഇതിനെതിരെ ജൂലായ് ഒന്നിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധിഷേധപരിപാടി നടത്തും. ജില്ലയിൽ തൊടുപുഴ മിനിസിവിൽ സ്റ്റേഷന് മുന്നിൽ സത്യഗ്രഹസമരം നടത്തുമെന്ന് സ്റ്റേറ്റ് കോ- ഓഡിനേറ്റർ ഗീതാനന്ദൻ, സെക്രട്ടറി പി.ജി. ജനാർദ്ദനൻ, സംസ്ഥാന പ്രസീഡി അംഗം ജിയേഷ് സി.എസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭയുടെ നിലപാട് ആദിവാസികൾക്ക് എതിരാണെന്ന് കേരള ആദിവാസി ഫോറം പറയുന്നു. ഉപാധിരഹിത പട്ടയമെന്ന ആദിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. പട്ടയം നൽകുമ്പോൾ വനാവകാശ നിയമം ഇല്ലാതാകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

ഉപാധിരഹിത പട്ടയം നൽകുന്നതിനെതിരെയുള്ള ജൂലായ് ഒന്നിലെ ധർണയ്ക്കെതിരെ കേരള ആദിവാസിഫോറം പ്രതിഷേധം രേഖപ്പെടുത്തുമെന്ന് പ്രസിഡന്റ് എം.ആർ. അശോക്, സംസ്ഥാന ജോയിന്റ് സെക്രട്ടറി മിനി വിൽസൺ, സംസ്ഥാന കമ്മറ്റിയംഗം ഇ.എ. പത്മനാഭൻ, കോട്ടയം ജില്ലാ പ്രസിഡന്റ് മാമച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐക്യമലയരയ സഭയും നേരത്തെ ഗോത്രമഹാസഭയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ജില്ലയിലെ 15000 ആദിവാസികൾക്ക് പട്ടയം ലഭിക്കുമെന്നാണ് കരുതുന്നത്.