കോട്ടയം: ഇരുചക്ര വാഹനയാത്രക്കാരെക്കാത്ത് പാറച്ചേൽ പാലത്തിൽ ഒരു പണി പാത്തിരിപ്പുണ്ട്. പാറേച്ചാൽ പാലം കടന്നുകിട്ടണമേയെന്നാണ് യാത്രക്കാരുടെ പ്രാർത്ഥന. ഇരു ചക്ര വാഹനമാണങ്കിൽ നടുവെട്ടാതെ എത്തിയാൽ ഭാഗ്യം. തിരുവാതുക്കൽ നാട്ടകം ബൈപ്പാസിലെ പാറേച്ചാൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ താഴ്ച്ചയാണ് അപകടക്കെണിയാകുന്നത്. പാടശേഖരങ്ങളുടെ നടുവിലൂടെ പോകുന്ന റോഡായതിനാൽ അങ്ങിങ്ങായി റോഡിൽ താഴ്ച്ച രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പാലവും അപ്രോച്ച് റോഡും തമ്മിൽ ഏറ്റക്കുറച്ചിൽ ഉണ്ടായി. അപ്രോച്ച് റോഡ് താഴുന്ന പ്രശ്നം പലവട്ടം പരിഹരിക്കാൻ ശ്രമിച്ചിട്ടും വിജയിച്ചില്ല. മണ്ണിട്ടും ടാറിഗ് നടത്തിയും പരിഹരിക്കാനുള്ള ശ്രമം ശാശ്വതപരിഹാരമാകാതെ വന്നതോടെ ലോക്ക് ഇഷ്ടിക പാകിയിരുന്നു. എന്നാൽ ലോക്ക് ഇഷ്ടികയും താഴ്ന്നതാണ് ഇപ്പോൾ പ്രശ്നമാകുന്നത്. കോട്ടയം ടൗണിൽ കയറാതെ ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകാനുള്ള എളുപ്പവഴിയെന്ന നിലയിൽ പടിഞ്ഞാറൻ മേഖലയിൽ നിന്നും ഏറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ദിനംപ്രതി പാലത്തിനും അപ്രോച്ച് റോഡിനും ഇടയിൽപ്പെട്ട് ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവാണ്. എത്രയും വേഗം നടപടിയുണ്ടാകണമെന്ന ആവശ്യവും യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നു.