തൊടുപുഴ: വ്യാപാരികളുടെ ആവശ്യപ്രകാരം ലോക്ക് ഡൗൺ കാലത്ത് അടഞ്ഞ് കിടന്ന വ്യാപാര സ്ഥാപനങ്ങളുടെയും വാടകക്കെട്ടിടങ്ങളുടെയും വാടക ഇളവ് ചെയ്യുന്ന കാര്യം സർക്കാർ അംഗീകരിച്ചെങ്കിലും ഫലത്തിൽ ബഹുഭൂരിപക്ഷം വാടകക്കാർക്കും ഈ ഇളവുകൾ ലഭിച്ചിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഉത്തരവ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഏകോപന സമിതി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പലവട്ടം പരാതി നൽകിയെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സമരമല്ലാതെ മറ്റൊരു പരിഹാരമാർഗ്ഗമില്ല. അത് കൊണ്ട് മുനിസിപ്പൽ കോർപ്പറേഷനുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പിലും ജൂലായ് രണ്ടിന് രാവിലെ 10 ന് കൊവിഡ്- 19 മൂലം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് പ്രതിഷേധ ധർണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്‌സര എന്നിവർ അറിയിച്ചു.