കരിമണ്ണൂർ: വണ്ണപ്പുറം പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുര രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസീനു മുമ്പിൽ നടത്തിയ ധർണ സി.പി.എം കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കെ.എം. സോമൻ അദ്ധ്യക്ഷനായി. സണ്ണി കളപ്പുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവയ്ക്കണമെന്നും അനധികൃതമായി കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഇതോടൊപ്പം നിയമനടപടി സീകരിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ കെ.എം. സോമൻ അറിയിച്ചു. എൽഡിഎഫ് നേതാക്കളായ ഷിജോ സെബാസ്റ്റ്യൻ, കെ.ആർ. സാൽമോൻ, എൻ.കെ. സത്യൻ, കെ.ജി. വിനോദ്, തമ്പി കുര്യാക്കോസ്, ജഗതമ്മ വിജയൻ, എ.ജെ. ജോസ് എന്നിവർ സംസാരിച്ചു.