ഇടുക്കി : വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ നിർവഹിച്ചു. ഹോട്ടലിൽ 20 രൂപക്ക് ഊണ് ലഭിക്കും. പൊതിച്ചോറിന് 25 രൂപയാണ് വില. നിർധനർക്ക് സൗജന്യമായും ഇവിടെ ഊണ് ലഭിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തന സമയം. സമർപ്പണം കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതും ഗ്രാമപഞ്ചായത്താണ്. ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.