ഇടുക്കി: കരിപ്പിലങ്ങാട് ഗവ. ട്രൈബൽ യു.പി. സ്‌കൂളിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ പഠന കേന്ദ്രങ്ങൾ തയ്യാറാക്കി. ഒന്ന് സ്‌കൂളിലും ബാക്കി രണ്ടെണ്ണം ചുറ്റുവട്ടത്തുള്ള തുമ്പിച്ചി, നാടുകാണി എന്നീ ആദിവാസി ഊരുകളിലുമായാണ് പ്രത്യേക പഠന കേന്ദ്രങ്ങൾ ഒരുക്കിയത്. ഓൺലൈൻ ക്ലാസുകളുടെ ആദ്യ ദിനങ്ങളിൽ പല വിദ്യാർഥികൾക്കും വിവിധ കാരണങ്ങൾക്കൊണ്ട് പഠിക്കാനായിരുന്നില്ല. ചില വീടുകളിൽ ടി.വി. ഇല്ലാതിരുന്നതും പലയിടത്തും മൊബൈൽ സിഗ്‌നൽ ലഭ്യമല്ലാത്തതുമൊക്കെ പ്രതിസന്ധി രൂക്ഷമാക്കി. ഇതേ തുടർന്ന് സ്‌കൂളിൽ വരുന്ന വിദ്യാർഥികളെ മൂന്ന് മേഖലകളാക്കി തിരിച്ച് ഓരോ സ്ഥലങ്ങളിലും പഠനകേന്ദ്രങ്ങൾ തയ്യാറാക്കുകയായിരുന്നു. സ്‌കൂളിലെ അദ്ധ്യാപകർക്ക് ഇവിടങ്ങളിലെ ചുമതലകൾ വീതിച്ച് നൽകി. ഇവർക്ക് വേണ്ട സഹായങ്ങളുമായി പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ഒപ്പമുണ്ട്. ആദ്യ ദിവസങ്ങളിൽ മുഴുവൻ ക്ലാസുകളിലെ വിദ്യാർത്ഥികളും അതത് പഠനകേന്ദ്രങ്ങളിൽ ഒരുമിച്ചെത്തിയാണ് ക്ലാസിൽ പങ്കെടുത്തത്. തുടക്കത്തിൽ സ്‌കൂളിലേയും അദ്ധ്യാപകരുടെയും കമ്പ്യൂട്ടറുകളിൽ റെക്കാഡ് ചെയ്ത പാഠ ഭാഗങ്ങൾ പ്രദർശിപ്പിച്ചായിരുന്നു പഠിപ്പിച്ചത്. പിന്നീട് ക്ലാസ് അടിസ്ഥാനത്തിൽ പാഠഭാഗങ്ങൾ ചാനലിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയതോടെ ടി.വി. ഇല്ലാത്തത് പ്രശ്‌നമായി. ഇതറിഞ്ഞ് ബി.ജെ.പി, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യമായി പഠനകേന്ദ്രങ്ങളിൽ ടി.വി. യും ഡിഷ് ആന്റിനയും ലഭ്യമാക്കി. ബി.ആർ.സി.യും ടി.വി എത്തിച്ച് നൽകി. വെള്ളിയാമറ്റം പഞ്ചായത്തംഗം എസ്. പ്രമോദും സഹായവുമായി രംഗത്തുണ്ട്. നാടുകാണിയിലെ കേന്ദ്രത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 27 വിദ്യാർത്ഥികളുണ്ട്. സമീപ സ്‌കൂളുകളിലെ ഹൈസ്‌കൂൾ, പ്ലസ് വൺ വിഭാഗത്തിലെ മൂന്ന് പേരും ഇവിടെയാണ് പഠിക്കുന്നത്. ആദ്യ ദിവസങ്ങളിൽ ഒരുമിച്ചെത്തിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ഭക്ഷണവും നൽകി. പ്രധാന അദ്ധ്യാപിക ഷേർലി മോൾ ഫിലിപ്പ്, അദ്ധ്യാപകരായ ബീന മുരുകൻ, രെസ്‌ന രവി, മിനിമോൾ ഈനാസ്, നീന മറ്റം, ഉഷാ ദേവി, രാജേശ്വരി, നീതു, സി.ആർ.സി. കോഓർഡിനേറ്റർ വിനീത് ചന്ദ്രൻ, താത്കാലിക അദ്ധ്യാപിക രാഖി വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം.