അടിമാലി: പിറന്നാൾ ദിനത്തിൽ വട്ടവടയിലെ 900 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് വട്ടവട കോവിലൂർ സ്വദേശികൾക്കായി നിർമിച്ച് നൽകിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 74 ലക്ഷം രൂപമുടക്കി നിർമ്മിച്ച പുതിയ മൂന്ന് ടാങ്കുകൾ വഴിയുള്ള ജലവിതരണത്തിന്റെ ഉദ്ഘാടനമാണ് വീഡിയോ കോൺഫ്രൻസിലൂടെ നടന്നത്.കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ വട്ടവടയിൽ ഒരു കോടിയുടെ കുടിവെള്ള പദ്ധതിയാണ് യാഥാർത്ഥ്യമായത്. കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ വീട് സന്ദർശിയ്ക്കാനെത്തിയപ്പോഴാണ് പ്രദേശവാസികൾ സുരേഷ് ഗോപിയോട് കുടിവെള്ള ക്ഷാമത്തിന്റെ കാര്യം പറഞ്ഞത്. ഉടൻ തന്നെ എം.പി ഫണ്ടിൽ നിന്ന് കുടിവെള്ള പദ്ധതിക്കുള്ള തുക പ്രഖ്യാപിക്കുകയായിരുന്നു. 2019 ജനുവരിയിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങുന്നത്. പഞ്ചായത്തിലെ അഞ്ചാം വാർഡായ കോവിലൂർ നോർത്ത് കുളത്തു മട്ടയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 13 വാർഡുകളുള്ള പഞ്ചായത്തിലെ അഞ്ച് വാർഡുകളിലായി 900കുടുംബങ്ങൾക്ക് പദ്ധതി ഗുണം ചെയ്യും. 2.5 ലക്ഷം സംഭരണശേഷിയുള്ള ഒരു ടാങ്കും 1.5 ലക്ഷം സംഭരണശേഷിയുള്ള മറ്റൊരു ടാങ്കിലുമായി ജലം ശുദ്ധികരിക്കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഉയരക്കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്താനായി നിർമ്മിച്ചിട്ടുള്ള മറ്റൊരു ടാങ്കിന്റെ സംഭരണശേഷി 75,000 ലിറ്ററാണ്. ജലനിധി പദ്ധതിയിലും മറ്റ് മുൻക്കാല പദ്ധതികളിലുമായി ഗ്രാമപഞ്ചായത്ത് മുമ്പ് 2 കോടി രൂപയുടെ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഈ പദ്ധതികളുമായി ചേർത്താണ് പുതിയ ജലവിതരണ സംവിധാനം ഒരുങ്ങിയിരിക്കുന്നത്.വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ ഉദ്ഘാടന ചടങ്ങിൽ എസ്. രാജേന്ദ്രൻ എംഎൽ.എ , പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, ദേവികുളം സബ് കളകടർ പ്രേംകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ നന്ദകുമാർ എന്നിവർ സംബന്ധിച്ചു.