തൊടുപുഴ: ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ അഞ്ച് പേർ രോഗ മുക്തരായി. തമിഴ്‌നാട് മാർത്താണ്ഡത്ത് നിന്ന് വന്ന കരിങ്കുന്നം സ്വദേശിയായ 39കാരന് രോഗം സ്ഥിരീകരിച്ചു. ഒപ്പം ജോലിചെയ്യുന്ന ആറ് പേർക്കൊപ്പം 11നാണ് എത്തിയത്. തിരുവനന്തപുരം വരെ ട്രാവലറിലും അവിടെ നിന്ന് കോട്ടയം വരെ ട്രെയിനിലുമാണ് എത്തിയത്. കോട്ടയത്ത് നിന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തിയ ഇവർ ഒരു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ബുധനാഴ്ച സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി ആറുപേരുടേയും ഫലം നെഗറ്റീവാണ്.

മസ്‌കറ്റിൽ നിന്ന് വന്ന വണ്ടിപ്പെരിയാർ സ്വദേശിയായ 44 കാരനും രോഗം സ്ഥിരീകരിച്ചു. വിമാനമാർഗം 23ന് കൊച്ചിയിലെത്തിയ ഇദ്ദേഹം സർക്കാർ ഏർപ്പാടാക്കിയ കെ.എസ്.ആർ.ടി.സി ബസിലാണ് തൊടുപുഴയെത്തിയത്. രോഗലക്ഷണമുള്ളതിനാൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. നിലവിൽ 52 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 46 പേർ രോഗമുക്തരായി.

രോഗമുക്തരായവർ

 വെള്ളിയാമറ്റം സ്വദേശിനിയായ 63കാരിയും ആറുമാസം പ്രായമായ കൊച്ചുമകളും. ഭർത്താവിനും കൊച്ചുമകൾക്കുമൊപ്പം എട്ടിനാണ് സൗദിയിൽ നിന്ന് വന്നത്. ഭർത്താവ് ഇപ്പോഴും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അച്ഛന് സൗദിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

 കുവൈറ്റിൽ നിന്ന് വന്ന 35 വയസുള്ള വണ്ടിപ്പെരിയാർ സ്വദേശിനിയും കൊച്ചുതോവാള സ്വദേശിനിയായ 49കാരിയും. ഇരുവരും മേയ് 27ന് ഒരു വിമാനത്തിലാണ് വന്നത്. അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലായിരുന്ന ഇവർക്ക് ജൂൺ മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.

 മുംബെയിൽ നിന്ന് ട്രെയിൻ മാർഗമെത്തിയ അറക്കുളം സ്വദേശിനിയായ 21കാരി. ജൂൺ അഞ്ചിന് വന്ന ഇവർക്ക് 14നാണ് രോഗം സ്ഥിരീകരിച്ചത്.