കട്ടപ്പന: ലോക്ക് ഡൗണിനുശേഷം തോട്ടം മേഖല സജീവമായതോടെ കൊളുന്ത്‌വിലയും ഉയർന്നു. കിലോഗ്രാമിന് 12.36 രൂപയാണ് ഈമാസത്തെ വില. ചെറുകിട തേയില കർഷകർക്ക് എട്ടുമുതൽ 11 രൂപവരെ ലഭിക്കുന്നുണ്ട്. എന്നാൽ കാലാവസ്ഥ വ്യതിയാനം ഉത്പ്പാദനം കുറയ്ക്കുകയാണ്. കാലവർഷം ദുർബലമായി തുടരുന്നത് കർഷകർക്കും തോട്ടമുടമകൾക്കും തിരിച്ചടിയാകുന്നു. മഴക്കാലത്തിനു മുന്നോടിയായി ലോക്ക് ഡൗണിൽ കർഷകർ കവാത്ത് നടത്തി ചെടികൾ ഒരുക്കിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ഈസമയത്ത് മികച്ച വിളവും ലഭിച്ചിരുന്നു. പിന്നീട് തോട്ടം മേഖലയിലടക്കം തുടർച്ചയായ ദിവസങ്ങളിൽ മഴ പെയ്തില്ല. കൊളുന്തിനു വില ഉയർന്ന സാഹചര്യത്തിൽ കാലവർഷം ശക്തമായാൽ കർഷകർക്ക് ആശ്വാസമാകും.
അടച്ചിടലിന്റെ മധ്യത്തോടെ നിബന്ധനകളോടെ തേയില തോട്ടം മേഖലയെ ഒഴിവാക്കിയെങ്കിലും കർഷകർക്ക് വിളവെടുത്ത കൊളുന്ത് വിൽക്കാനാകാത്ത സ്ഥിതിയായായിരുന്നു. 12.66 രൂപയായിരുന്നു അന്നത്തെ വില. തുറന്നു പ്രവർത്തിച്ചിരുന്ന ഏതാനും ഫാക്ടറികളിൽ വൻകിട തോട്ടങ്ങളിൽ നിന്നുള്ള കൊളുന്ത് മാത്രമാണ് സംഭരിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിനുശേഷം ഫാക്ടറികളും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയത് കർഷകർക്ക് ആശ്വാസകരമാണ്.
ലോക്ക് ഡൗൺ കാലത്ത് ദിവസങ്ങളോളം വിളവെടുപ്പ് മുടങ്ങിയതോടെ തോട്ടങ്ങളിലെ ചെടികൾ വളർന്നുപോയിരുന്നു. പിന്നീട് ചെടികൾ കവാത്ത് കടത്തി കർഷകർ കാലവർഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ആദ്യഘട്ടത്തിലെ മഴ പ്രതീക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് ദുർബലമായി. മെച്ചപ്പെട്ട വിലയുള്ളപ്പോഴും പ്രയോജനപ്പെടാത്ത സ്ഥിതിയാണ് പലർക്കും. കഴിഞ്ഞമാസത്തേക്കാൾ കിലോഗ്രാമിന് 75 പൈസ വർദ്ധിച്ചിട്ടുണ്ട്.