ചെറുതോണി :കാർഷിക മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഏലം, കുരുമുളക് തുടങ്ങിയ നാണ്യ വിളകൾക്ക് താങ്ങു വില പ്രഖ്യാപിക്കണം. ഏലക്ക ലേലം ആരംഭിച്ചെങ്കിലും കർഷകർക്ക് മതിയായ വില ലഭിക്കുന്നില്ല. ഇതിനായി ഇനാം (ഇലക്ട്രോണിക് നാഷണൽ അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് സിസ്റ്റം )കൂടി ഏർപ്പെടുത്തണം. ഏലയ്ക്കയ്ക്ക് കിലോയ്ക്ക് 3000 രൂപയും കുരുമുളകിന് 700 രൂപയും താങ്ങുവിലയായി പ്രഖ്യാപിക്കണം. കാർഡമം രജിസ്‌ട്രേഷൻ മാർച്ച് മാസത്തിനു ശേഷം പുനരാരംഭിച്ചിട്ടില്ല. രജിസ്‌ട്രേഷൻ പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച കൊവിഡ് പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപനങ്ങൾ മാത്രമായി മാറിയിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകൾക്ക് കൂടുതൽ പദ്ധതി വിഹിതം ലഭിക്കാത്തതു മൂലം ഒട്ടേറെ കാർഷിക പദ്ധതികൾ നിർത്തിവെച്ചിരിക്കുകയാണ്.
കർഷകർക്ക് വായ്പകൾ പുതുക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും റീസർവേ നടക്കാത്ത വില്ലേജുകളിൽ ഭൂമിയുടെ കരം അടച്ച രസീത് ലഭിക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭൂമിയുടെ കരം അടയ്ക്കുന്നതിന് നടപടി സ്വീകരിക്കണം. റോഷി അഗസ്റ്റിൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ.കെ.ഐ.ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറണാംകുന്നേൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, അഡ്വ എം എം മാത്യു, ജിമ്മി മാറ്റത്തിപ്പാറ തുടങ്ങിയവർ സംസാരിച്ചു.