കുമളി : പരാതി പറയാനല്ല ജയമോൾ പൊലീസ് സ്റ്റേഷനിലെത്തിയത്, പഠിക്കാൻ മിടുക്കികളായ തന്റെ പെൺമക്കളുടെ പഠനത്തിന് സഹായം തേടിയായിരുന്നു ചെന്നത്. ആ അമ്മയുടെ ആഗ്രഹം പൊലീസ് വേഗത്തിൽ പരിഹരിക്കുകയും ചെയ്തു.പത്താംക്‌ളാസുകാരിയായ ജിൽഡയ്ക്കും പ്‌ളസ് ടുവിനു പഠിക്കുന്ന ചേച്ചിക്കും ഓൺലൈൻ പഠനത്തിനു കഴിയുന്നില്ലെന്ന വിഷമവുമായി സഹായം അഭ്യർഥിച്ചാണ് ചക്കുപള്ളം ആറാംമൈൽ കൊല്ലംപറമ്പിൽ ജയമോളും കുട്ടികളുടെ വല്യച്ചൻ പാപ്പച്ചനും കഴിഞ്ഞ ദിവസം കുമളി പൊലീസ് സ്റ്റേഷനിലെത്തിയത്. നിർദ്ധനരായ ഇവരുടെ വീട്ടിൽ മൊബൈൽ ഫോണും ടിവിയുമൊന്നുമില്ല. ലോക്ഡൗൺ ആയതിനാൽ കുട്ടികളുടെ അമ്മയ്ക്കു ജോലിയുമില്ലാത്ത അവസ്ഥ. കുടുംബത്തിന്റെ സ്ഥിതി മനസിലാക്കിയ എസ് ഐ പ്രശാന്ത് പി നായരും സഹപ്രവർത്തകരും ചേർന്നു പുതിയ സ്മാർട്ട്‌ഫോൺ നൽകാൻ തീരുമാനിക്കുകയായിരുന്നു. പൊലീസിന്റെ അഭ്യർഥനയും കുട്ടികളുടെ സ്ഥിതിയും അറിഞ്ഞ കുമളിയിലെ മൊബൈൽ ഫോൺ വ്യാപാരിയായ ജിബിൻ ഫോൺ സൗജന്യമായി നൽകാൻ തയ്യാറായതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്നു എസ് എ പ്രശാന്ത് ജിൽഡയ്ക്കു ഫോൺ കൈമാറി.