കട്ടപ്പന: ഏലത്തോട്ടം തൊഴിലാളികളുടെ കഴിഞ്ഞവർഷത്തെ ആനുകൂല്യം ഇതുവരെയും വിതരണം ചെയ്യാത്ത ഉടമകളുടെ നടപടിക്കെതിരെ സമരം നടത്തുമെന്ന് ജില്ലാ എക്‌സ്റ്റേറ്റ് മസ്ദൂർ സംഘ് ഭാരവാഹികൾ അറിയിച്ചു. മുൻവർഷങ്ങളിൽ ഏപ്രിൽ 15ന് മുമ്പ് ബോണസ് വിതരണം ചെയ്തിരുന്നു. ഈവർഷം രണ്ടുതവണ ചർച്ച നടത്തിയിട്ടും ഇക്കാര്യത്തിൽ തീരുമാനമായില്ല. ഏലക്കായ്ക്ക് ഏറ്റവുമധികം വില ലഭിച്ചത് കഴിഞ്ഞവർഷമായിരുന്നു. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസകരമാകുന്ന ബോണസ് കൊവിഡിന്റെ പേരിൽ വൈകിപ്പിക്കാനാണ് നീക്കം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തള്ളി ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്ത ഉടമകൾക്കെതിരെയും സമരം നടത്തും. ലോക്ക്ഡൗൺ കാലത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടമുടമകൾക്ക് ചർച്ചയ്ക്ക് എത്താൻ കഴിയില്ലെന്ന് പറയുമ്പോഴും ഇവരുടെ സംഘടനയിൽ പെട്ടവർ ഭൂരിഭാഗവും ജില്ലയിൽ നിന്നുള്ളവരാണ്. തൊഴിലാളികളുടെ ആനുകൂല്യം വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തുമെന്ന് ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. വിജയൻ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എസ്.ജി. മഹേഷ്, കട്ടപ്പന മേഖല സെക്രട്ടറി പി.കെ. ജയദേവൻ എന്നിവർ അറിയിച്ചു.