maniyamma
വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുക്കുന്ന മണിയമ്മ.

കട്ടപ്പന: ജൈവ പച്ചക്കറിത്തോട്ടമുണ്ടാക്കാൻ വീടിനു ചുറ്റുമുള്ള പാറപ്പുറമൊന്നും മണിയമ്മയ്ക്ക് തടസമായില്ല. ചാക്കിൽ മണ്ണുനിറച്ച് തൈകൾ നട്ട് പരിപാലിച്ചപ്പോൾ വിളവ് നൂറുമേനിയാണ് കിട്ടിയത്. കട്ടപ്പന കൊച്ചുതോവാള എ.സി. കോളനിയിലെ കുളമാങ്കുഴിയിൽ മണിയമ്മ കുഞ്ഞുമോനാണ് പാറക്കെട്ടുകൾ നിറഞ്ഞ വീടിന്റെ പരിസരം ജൈവ പച്ചക്കറിത്തോട്ടമാക്കി മാറ്റിയത്. ലോക്ക്‌ഡൗൺ കാലത്ത് പച്ചക്കറി വില കുത്തനെ ഉയർന്നപ്പോൾ വീട്ടാവശ്യത്തിനുള്ളവ സ്വന്തമായി ഉത്പാദിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചാക്കുകളിൽ മണ്ണുനിറച്ച് മക്കളുടെയും കൊച്ചുമക്കളുടെയും സഹായത്തോടെ തൈകൾ നട്ടു. പരിപാലനവും ജലസേചനവും മുടങ്ങാതെ നടത്തിയതോടെ പാറപ്പുറം പച്ചക്കറിത്തോട്ടമായി മാറുകയായിരുന്നു. തക്കാളി, പച്ചമുളക്, പാവയ്ക്ക, ചീര, പയർ, കോവയ്ക്ക, ചേമ്പ്, കാബേജ്, വഴുതന തുടങ്ങി നിരവധി പച്ചക്കറികൾ വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. പച്ചിലകളും ചാണകവും മാത്രമാണ് വളമായി പ്രയോഗിക്കുന്നത്. കട്ടപ്പന നഗരസഭ 11-ാം വാർഡിലെ ആശ പ്രവർത്തക കൂടിയായ മണിയമ്മയുടെ പച്ചക്കറിത്തോട്ടം കാണാൻ സഹപ്രവർത്തകരും നാട്ടുകാരുമടക്കം നിരവധിയാളുകളാണ് എത്തുന്നത്.