anchuruli
മദ്യസേവയ്ക്കായി അഞ്ചുരുളി ടണലിലേക്കു പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾ.

കട്ടപ്പന: മദ്യാപനവും ലഹരി ഉപയോഗവുമായി അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. കഴിഞ്ഞദിവസം നാലംഗ അന്യ സംസ്ഥാന തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കയറി മദ്യസേവ നടത്തുകയും മണിക്കൂറുകളോളം ഇവിടെ ചെലവഴിക്കുകയും ചെയ്തു. മഴക്കാലത്ത് തുരങ്കത്തിനുള്ളിൽ ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിൽ ആരുമില്ല. ഇതുവഴി കടന്നുപോകുന്ന നാട്ടുകാരാണ് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നത്. വിനോദസഞ്ചാരത്തിനു ഇളവ് അനുവദിച്ചിട്ടില്ലെങ്കിലും അഞ്ചുരുളിയിൽ നിരവധി പേർ എത്തുന്നുണ്ട്. പലരും മുഖാവരണം ധരിക്കാതെയാണ് കേന്ദ്രം സന്ദർശിച്ചു മടങ്ങുന്നത്. ടണൽമുഖം ഒഴികെ മറ്റിടങ്ങളിൽ സുരക്ഷ സംവിധാനങ്ങളില്ല. വെള്ളത്തിന്റെ ഒഴുക്ക് കുറവായതിനാൽ ടണലിനുള്ളിൽ കയറാനും ചിത്രങ്ങൾ പകർത്താനും സന്ദർശകർ തിരക്കുകൂട്ടുന്നു. ചിലർ തുരങ്കത്തിലൂടെ വളരെ ദൂരം ഉള്ളിലേക്കു പോകുന്നുണ്ട്. മദ്യലഹരിയിൽ ടണലിനുള്ളിലേക്ക് കൂടുതൽ ദൂരം കയറാൻ ഇവർ തമ്മിൽ മത്സരം വരെ നടത്തുന്നു. കഴിഞ്ഞവർഷം ടണലിൽ കയറി കുടുങ്ങിയ സന്ദർശകരെ അഗ്‌നിശമന സേനയാണ് രക്ഷപ്പെടുത്തിയത്.