രാജാക്കാട്: സർവേ സൂപ്രണ്ട് ഓഫീസ് അടയ്ക്കാതെ ജീവനക്കാരെല്ലാം വീട്ടിൽ പോയത് വിവാദമായി. വെള്ളിയാഴ്ചയാണ് രാജാക്കാട് പ്രവർത്തിക്കുന്ന സർവേ സൂപ്രണ്ട് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ വീടുകളിലേക്ക് മടങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാജാക്കാട് എസ്‌.ഐ അനൂപ് മേനോൻ സ്ഥലത്തെത്തി മറ്റൊരു താഴു വാങ്ങി ഓഫീസ് പൂട്ടുകയായിരുന്നു. ഉദ്യോഗസ്ഥരോട് നേരിട്ട് തിങ്കളാഴ്ച രാവിലെ ഹാജരാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ താക്കോൽ ജീവനക്കാർക്ക് നൽകേണ്ടതില്ലെന്നും എസ്.ഐയുടെ കൈയിൽ സൂക്ഷിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. നിരവധി റവന്യൂ രേഖകളടക്കം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് പൂട്ടാതെ പോയത് വലിയ വീഴ്ചയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും തിങ്കളാഴ്ച രാവിലെ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു.