കെ ഫോൺ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
തൊടുപുഴ: വൈദ്യുതിക്ക് പുറമേ ഇന്റർനെറ്റ് കണക്ഷനും വീട്ടിലെത്തിക്കാൻ സർക്കാർ 2016ൽ പ്രഖ്യാപിച്ച കേരള ഫൈബർ ഒപ്ടിക് നെറ്റ്‌വർക് (കെ ഫോൺ) പദ്ധതിയുടെ നടത്തിപ്പിനുള്ള പ്രാരംഭ നടപടികൾ വൈദ്യുതി ബോർഡ് ജില്ലയിൽ ആരംഭിച്ചു. ജില്ലയിലെ ഏകപ്രധാന കോറായി മൂലമറ്റം സബ് സ്റ്റേഷനാണ് പ്രവർത്തിക്കുക. ഇവിടെ നിന്നാകും ജില്ലയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് നെറ്റ് വർക്ക് നൽകുക. കട്ടപ്പന, നെടുങ്കണ്ടം എന്നീ സബ് സ്റ്റേഷനുകളും പനംകുട്ടി പവർ സ്റ്റേഷനും കേന്ദ്രികരിച്ചാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. മേഖലയിലെ ഇലക്ട്രിക് പോസ്റ്റുകളിലൂടെ ഒപ്ടിക്കൽ ഫൈബർ കേബിൾ വലിക്കുന്ന ജോലികൾ നടക്കുകയാണ്. കട്ടപ്പന, പനംകുട്ടി മേഖലകളിലെ കേബിൾ വർക്ക് ഏകദേശം പൂർത്തീകരിച്ചു. ജില്ലയിൽ എട്ട് അഗ്രിഗേഷൻ സെന്ററുകളാണ് ഉള്ളത്. അതിൽ പ്രധാന സെന്ററായ നേര്യമംഗലം പവർ ഹൗസുമായി ബന്ധിപ്പിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്. കെ.എസ്.ഇ.ബിയുടെ എല്ലാ 220 കെവി, 110 കെവി, 66 കെവി സബ് സ്റ്റേഷനുകളെയും ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കും. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ചേർന്ന് ലോക ബാങ്ക് സഹായത്തോടെ 1028 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ഇബിക്ക് അധിക വരുമാനം കണ്ടെത്താനാണ് പദ്ധതി തുടങ്ങുന്നത്.
ലക്ഷ്യം എല്ലാവർക്കും ഇന്റർനെറ്റ്
സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നൽകുന്നതോടൊപ്പം വിദ്യാലയങ്ങൾ, ആശുപത്രി, സർക്കാർ സ്ഥാപനങ്ങൾ മുതലായ പൊതുമേഖല സ്ഥാപനങ്ങൾക്കും നെറ്റ് വർക്ക് വഴി സൗജന്യ കണക്ഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ ഫോൺ പദ്ധതി സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്നത്. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം 20 ലക്ഷത്തോളം വരുന്ന ബി.പി.എൽ കാർഡ് ഉടമകൾക്കും സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകും. കെ ഫോൺ ശൃംഖല ഉപയോഗിച്ച് ഏത് സേവനദാതാവിനും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാം. ബാൻഡ്‌വിഡ്ത് അനുസരിച്ച് വാടക ഈടാക്കും. മുഴുവൻ സർക്കാർ ഓഫീസുകളും കെ ഫോൺ നെറ്റ്‌വർക്കിലേക്ക് മാറ്റും. ഇതിനു പുറമേ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ നെറ്റ്‌വർക് സംവിധാനം ഒരുക്കാനും പരിപാടിയുണ്ട്.