തൊടുപുഴ: തുടർച്ചയായി ഇന്ധനവില വർധിപ്പിച്ച് പകൽക്കൊള്ള നടത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനപ്രകാരം നാളെ ജില്ലയിൽ പഞ്ചായത്ത് തലത്തിൽ കേന്ദ്രസംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു കൊവിഡ് പ്രോട്ടോക്കാൾ കർശനമായി പാലിച്ചാണ് കേന്ദ്രസംസ്ഥാന സർക്കാർ ഓഫീസിന് മുന്നിൽ ധർണ നടത്തുന്നത്. പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോൾ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വൻകൊള്ള നടത്തുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വില കൂടിയപ്പോൾ, വർദ്ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങൾക്കു നൽകിയത്. അതേ മാതൃക പിന്തുടരാൻ കേരള സർക്കാർ ശ്രമിക്കണം. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇന്ധനവിലയിലൂടെ മാത്രം കേന്ദ്രസർക്കാർ 2.5 ലക്ഷം കോടി ശേഖരിച്ച് ജനങ്ങളെ കൊള്ളയടിച്ചു. തുടർച്ചയായ ഇന്ധനവില വർദ്ധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇതിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും കല്ലാർ പറഞ്ഞു.