ചെറുതോണി: പട്ടയഭൂമിയിൽ വനംവകുപ്പിന്റെ അവകാശ തർക്കം തട്ടേക്കണ്ണി നിവാസികളായ നൂറ്റമ്പതോളം കുടുബങ്ങളെ ആശങ്കയിലാക്കി. 2015 ൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ 44 പട്ടയങ്ങൾ റദ്ദ് ചെയ്യണമെന്ന വനം വകുപ്പിന്റെ ആവശ്യമാണ് തട്ടേക്കണ്ണിക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. 1986 ൽ ഫോറസ്റ്റ് റവന്യൂ വകുപ്പുകൾ സംയുക്ത പരിരോധന നടത്തി നേര്യമംഗലം റേഞ്ച് ഓഫീസിന് കീഴിലെ മാമലക്കണ്ടം, വാളറ, കാഞ്ഞിരവേലി, തട്ടേക്കണ്ണി, കടുവാക്കുഴി, പ്രദേശങ്ങളിലെ കർഷകർക്ക് പട്ടയം നൽകാൻ തിരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മന്നാൻകണ്ടം വില്ലേജിൽ 1980 പട്ടയം നൽകി. എന്നാൽ കഞ്ഞിക്കുഴി വില്ലേജിലെ തട്ടേക്കണ്ണി, കടുവാക്കുഴി പ്രദേശത്തെ കർഷകർക്ക് അന്ന് പട്ടയം ലഭിച്ചിരുന്നില്ല. എന്നാൽ 2015 ഉമ്മൻചാണ്ടി സർക്കാർ നൽകിയ പട്ടയങ്ങൾക്ക് അവകാശ തർക്കം ഉന്നയിച്ച് വനംവകുപ്പ് ഇപ്പോൾ റവന്യൂ വകുപ്പിന് കത്ത് നൽകിരിക്കുകയാണ്. ഇതോടെ തട്ടേക്കണ്ണിയിലെ 150 കർഷക കുടുംബങ്ങൾ ആശങ്കയിലായി. കർഷകരുടെ കൃഷി ഭൂമിയിൽ വനം വകുപ്പിന്റെ കടന്നുകയറ്റത്തിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് തട്ടേകണ്ണി നിവാസികൾ.