ചെറുതോണി: കഞ്ഞിക്കുഴിയിൽ പട്ടയ വിതരണം തടസപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി കർഷകസംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസും സെക്രട്ടറി എൻ.വി. ബേബിയും ആരോപിച്ചു. കപട പരിസ്ഥിതി സംഘടനകൾ ഇടപെട്ട് യു.ഡി.എഫിന്റെ ഒത്താശയോടെ വിവാദ വാർത്തകൾ സൃഷ്ടിച്ച് സർവേ നടപടികൾ അലങ്കോലപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. യു.ഡി.എഫ് അനകൂല സംഘടനകളിലെ ചില ഉദ്യോഗസ്ഥർക്കും ഇത്തരം നീക്കങ്ങളിൽ പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഏതെല്ലാം ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചാലും കുടിയേറ്റ കർഷകന്റെ പട്ടയം എന്ന സ്വപ്നം എൽ.ഡി.എഫ് സർക്കാർ സാക്ഷാത്കരിക്കും. കഞ്ഞിക്കുഴിയിൽ കൊവിഡ്- 19 ന്റെ പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ടു മാത്രമാണ് റവന്യൂ സർവേ വിഭാഗം നടപടിക്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരിൽ പട്ടയ വിതരണം അനിശ്ചിതമായി നീട്ടുകൊണ്ട് പോകാതിരിക്കാനാണ് കൊവിഡ് കാലത്തും മാനദണ്ഡങ്ങൾ പാലിച്ച് സർവ്വേ തുടരുന്നത്. ജില്ലാ കളക്ടറുടെയും ഇടുക്കി തഹസിൽദാരുടെയും നേതൃത്വത്തിൽ പട്ടയ വിതരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായാണ് നടന്നുവരുന്നത്. വാഴത്തോപ്പിലും പട്ടയ നടപടികൾ ഉടൻ ആരംഭിക്കും. മൂന്ന് ജില്ലകളിൽ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസങ്ങൾ നീക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയതോടെ പതിനായിരക്കണക്കിന് കർഷകർക്ക് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഉടൻ പട്ടയം ഉടൻ ലഭ്യമാകുമെന്നും ഇരുവരും പറഞ്ഞു.