മൂലമറ്റം: ആശ്രമത്ത് കൊവിഡ് രോഗം സ്ഥിതീകരിച്ചയാളുടെ പേരിൽ കാഞ്ഞാർ പൊലീസ് കൊവിഡ് നിയമലംഘനത്തിന് പൊലീസ് കേസ് എടുത്തു. ഒമ്പതിന് കാഞ്ചീപുരത്ത് നിന്ന് എറണാകുളത്ത് ടൂറിസ്റ്റ് ബസിൽ എത്തിയ ഇയാൾ ടാക്‌സിയിൽ മൂലമറ്റം ആശ്രമം ഭാഗത്ത് സുഹൃത്തിന്റെ ആൾതാമസമില്ലാത്ത വീട്ടിൽ നിരീക്ഷണത്തിൽ പോവുകയായിരുന്നു. എന്നാൽ അവിടെ ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ച് ഇയാൾ പലരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. സുഹൃത്തിന്റെ ബൈക്ക് എടുത്ത് ഇയാൾ തൊടുപുഴയ്ക്ക് പോയിരുന്നു. സുഹൃത്തുക്കളുമൊത്ത് അടുത്തിടപെട്ടിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത്.