തൊടുപുഴ: രണ്ട് പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലെത്തി. ഇതിൽ 49 പേർ മാത്രമാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 51 പേരുടെ രോഗം ഭേദമായിട്ടുണ്ട്. മാർച്ച് 14നാണ് ജില്ലയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് പൗരനായിരുന്നു ആദ്യത്തെ രോഗി. കുമളി സ്വദേശിയായ 62കാരനും അടിമാലി സ്വദേശിയായ 49കാരനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും സ്രവം ശേഖരിച്ചത്. കുമളി സ്വദേശി ജൂൺ 13നാണ് കുവൈറ്റിലേക്ക് നിന്ന് കൊച്ചിയിലേക്ക് വന്നത്. കൊച്ചിയിൽ നിന്ന് കുമളിയിലേക്ക് ടാക്‌സിയിൽ വന്ന ഇദ്ദേഹം കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 24നാണ് അടിമാലി സ്വദേശി റാസൽഖൈമയിൽ നിന്ന് കൊച്ചിയിലെത്തിയത്. അടിമാലിയിലേക്ക് ടാക്‌സിയിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവപരിശോധനയ്ക്ക് വിധേയനായി.
ആശ്വാസം ഇന്നും 5 രോഗമുക്തി
മഞ്ചേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചിന്നക്കനാൽ സ്വദേശിയായ യുവാവടക്കം അഞ്ച് പേർ ഇന്നലെയും രോഗമുക്തി നേടിയത് ആശ്വാസമായി. കുമളി സ്വദേശിയായ അഞ്ച് വയസുകാരി, തമിഴ്‌നാട്ടില് നിന്ന് വന്ന മൂന്നാർ സ്വദേശിയായ 24കാരൻ, ചക്കുപള്ളം സ്വദേശിനിയായ മുപ്പത്തൊമ്പതുകാരി, നെടുങ്കണ്ടം സ്വദേശിയായ മുപ്പതുകാരൻ എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവർ.
ആഫീസുകളിലെ തിരക്കിന് കുറവില്ല
വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ കൂട്ടത്തോടെ എത്തി തുടങ്ങിയതോടെ പല ആഫീസുകളിലും സാമൂഹ്യ അകലം പാലിക്കാതെയുള്ള ജനത്തിരക്കേറുകയാണ്. ജീവനക്കാരുടെ ഹാജർ 50 ശതമാനമായി പരിമിതപ്പെടുത്തിയത് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസുകൾ, സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് വലിയ ജനത്തിരക്കുള്ളത്. എല്ലാ ഓഫീസുകളിലും സന്ദർശകരുടെ വിലാസം ശേഖരിച്ച ശേഷമാണ് പ്രവേശിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ജനങ്ങൾ ഉദ്യോഗസ്ഥരുമായി കൂടുതൽ ഇടപഴകാനുള്ള സാദ്ധ്യത പരമാവധി ഒഴിവാക്കുന്നുണ്ട്. എല്ലാ അപേക്ഷകളും ഇപ്പോൾ ഫ്രണ്ട് ഓഫീസ് വഴിയാണ് ശേഖരിക്കുന്നത്. ബാങ്കുകളിലും വലിയ തോതിൽ ഇടപാടുകാരെത്തുന്നുണ്ട്. ടോക്കൺ അടിസ്ഥാനത്തിലാണ് ഒട്ടുമിക്ക ബാങ്കുകളിലും ആളുകളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ബാങ്കുകൾക്ക് മുന്നിലും മണിക്കൂറുകളോളം നീണ്ട ക്യൂവാണ്. പൊലീസ് സ്റ്റേഷനുകളിലും പരാതികളുമായി പഴയത് പോലെ ആളുകൾ എത്തിത്തുടങ്ങി.