അടിമാലി: ബലക്ഷയമുണ്ടെന്ന കാരണത്താൽ പൊളിച്ച് നീക്കാൻ ലക്ഷ്യമിട്ട ബഹുനില കെട്ടിടത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് അടിമാലി ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച സ്വാതന്ത്രസുവർണ്ണ ജൂബിലി സ്മാരക മന്ദിരമാണ് ടൗണിന് നടുവിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.ആറ് വ്യാപാരശാലകളും ജനമൈത്രി എക്‌സൈസ് ഓഫീസും പഞ്ചായത്ത് പെർഫോമൻസ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. നാളുകൾക്ക് മുമ്പ് ബലക്ഷയമുണ്ടെന്ന കാരണം ചൂണ്ടികാട്ടി വ്യാപാരശാലകളും ഓഫീസുകളും പഞ്ചായത്തൊഴിപ്പിച്ചു.പക്ഷെ നാളിതുവരെ പഞ്ചായത്ത് തുടർ ജോലികൾക്ക് നടപടി സ്വീകരിക്കാത്തത് ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടവരുത്തുന്നു.കെട്ടിടത്തിന്റെ പുറമെ നിന്നു നോക്കിയാൽ പോലും പലഭാഗത്തും ചെറിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുള്ളതായി കാണാം.ചില ഭാഗങ്ങൾ ദ്രവിച്ച് അടർന്ന് പോയി കഴിഞ്ഞു.ബലക്ഷയമുണ്ടെന്ന് പഞ്ചായത്ത് പറയുമ്പോഴും പൊളിച്ച് നീക്കാനോ കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കാനോ നടപടി കൈകൊള്ളുന്നില്ല.