തൊടുപുഴ: തകർന്നടിഞ്ഞ് പോയ ലോട്ടറി മേഖല അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ട്. കൊവിഡും അതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിലും പെട്ട് ഏതാനും മാസങ്ങളായിട്ട് നിശ്ചലാവസ്ഥയിലായിരുന്നു ഈ മേഖല. ഇതേ തുടർന്ന് ലോട്ടറി വിറ്റ് ജീവിതം മുന്നോട്ട് നയിച്ച സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ലക്ഷക്കണക്കിനുള്ള ആളുകളുടെ വരുമാനമാർഗ്ഗമാണ് പെട്ടന്ന് ഇരുളടഞ്ഞതും. കൂടാതെ സാമ്പത്തിക പ്രതിസന്ധിയിൽ സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ് സ്തംഭിച്ചതും. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ലോട്ടറിയുടെ അച്ചടിയും വിൽപ്പനയും പുനരാരംഭിക്കുകയും വിൽപ്പനയിൽ പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്ന അവസ്ഥയുമാണ്.
ആഴ്ച്ചയിൽ 3.60 ലക്ഷം
ലോക്ക് ഡൗണിന് മുൻപ് 80 ലക്ഷം ടിക്കറ്റാണ് ഒരു ദിവസം സംസ്ഥാനത്ത് അച്ചടിച്ചിരുന്നത്. എന്നാൽ കോവിഡും ലോക്ക് ഡൗണും വന്നതോടെ അച്ചടി പൂർണ്ണമായും സ്തംഭിച്ചു. ലോക്ക് ഡൗൺ ഇളവ് പ്രാബല്യത്തിൽ വന്നതോടെ അച്ചടി പുനരാരംഭിച്ച് ആദ്യം 40 ലക്ഷവും അത് കഴിഞ്ഞ് 55 ലക്ഷവും ഇപ്പോൾ 60 ലക്ഷം എന്ന രീതിയിലാണ് അച്ചടി നടക്കുന്നത്. ഇതും തികയുന്നില്ല എന്നുള്ള ഏജന്റുമാരുടെ നിരന്തരമായ പരാതിയെ തുടർന്ന് ലോട്ടറി വകുപ്പ് അച്ചടി വീണ്ടും വർദ്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഞായർ ഒഴികെ ആഴ്ച്ചയിൽ വിവിധങ്ങളായ 6 ഇനങ്ങളിലുള്ള ലോട്ടറിയാണുള്ളത്. ഓരോ ദിവസവും 60 ലക്ഷം എന്ന കണക്കിൽ നിലവിൽ 3.60 ലക്ഷം ലോട്ടറിയുടെ അച്ചടിയാണ് നടന്ന് വരുന്നതും.മൊത്ത വിതരണക്കാർ, ചെറുകിട കച്ചവടക്കാർ, ഏജന്റുമാർ എന്നിങ്ങനെ 3,200 ൽപരം ആളുകളിലൂടെയാണ് ജില്ലയിൽ ലോട്ടറി വ്യാപാരം പ്രധാനമായും നടക്കുന്നത്. ലോട്ടറി ഓഫീസിൽ നിന്ന് ഏജൻസി എടുത്തത് 1,000 ൽപ്പരം ആളുകളാണുള്ളതും. ജൂലായ് ഒന്ന്, രണ്ട് തിയതികളിലെ ടിക്കറ്റുകൾതൊണ്ണൂറ് ശതമാനവും ഇപ്പോൾ തന്നെ വിറ്റ് കഴിഞ്ഞു.
ഓരോ ദിവസമുള്ള ലോട്ടറി:- (ഓരോന്നിനും 40 രൂപ )
തിങ്കൾ - വിൻവിൻ
ചൊവ്വ - സ്ത്രീ ശക്തി
ബുധൻ - അക്ഷയ
വ്യാഴം -കാരുണ്യ പ്ലസ്
വെള്ളി - നിർമ്മൽ
ശനി -കാരുണ്യ.
"ലോക്ക് ഡൗണിന് ശേഷം മറ്റുള്ള വ്യാപാര മേഖലകളെ അപേക്ഷിച്ച് ലോട്ടറി വ്യാപാരത്തിന് പുത്തൻ ഉണർവ്വാണ് കൈവന്നിരിക്കുന്നത്. ഇതിൽ നിന്ന് താഴേക്ക് പോകാതിരിക്കാനുള്ള നടപടികളാണ് സർക്കാരും ഏജന്റുമാരും ചെയ്ത് വരുന്നത്"
സുബൈർ ടി ബി, സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോർഡ് മെമ്പർ.