കട്ടപ്പന: കാർഷിക വിളകളുടെ വിലയിടിവിനു പിന്നാലെ പുരയിടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമായതോടെ കർഷകരുടെ നെഞ്ചിടിപ്പുയരുന്നു. പെരിയാർ കടുവ സങ്കേതത്തിന്റെയും ഇടുക്കി വന്യജീവി സങ്കേതത്തിന്റെയും അതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ കാട്ടുപന്നി, കാട്ടാന, കുരങ്ങ് തുടങ്ങിയവ സ്വര്യവിഹാരം നടത്തുകയാണ്. വന്യജീവി സംരക്ഷണ നിയമം മൂലം ഇവയെ തുരത്തുന്നതിന് ഒട്ടേറെ പ്രതിസന്ധിയുമുണ്ട്. ഒരാഴ്ചമുമ്പ് വണ്ടിപ്പെരിയാർ വള്ളക്കടവിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തിരുന്നു. കഴിഞ്ഞ ആറിന് കൊച്ചുതോവാളയിലെ നാലു ആട്ടിൻകുട്ടികളെ അജ്ഞാത ജീവി കടിച്ചുകൊന്നിരുന്നു. വനപാലകരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഏതു വന്യമൃഗമാണെന്നു ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കാടുപിടിച്ചുകിടക്കുന്ന ഏക്കറുകണക്കിനു തരിശുഭൂമി വന്യജീവികളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു. പുരയിടങ്ങൾക്കുചുറ്റും കമ്പി വേലി സ്ഥാപിച്ചിട്ടും ഇവറ്റകളെ നിയന്ത്രിക്കാനാകുന്നില്ല. സുരക്ഷ വേലികൾ തകർത്താണ് കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്നത്. ഹൈറേഞ്ചിലെ ജനവാസ കേന്ദ്രങ്ങളോടു ചേർന്ന് കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളും കാട്ടുപന്നി അടക്കമുള്ളവയുടെ താവളങ്ങളാണ്. കൂടാതെ മാലിന്യം തള്ളുന്ന പ്രദേശങ്ങളിലും ഇവ കൂട്ടമായി എത്തുന്നു. ഇടുക്കി സങ്കേതത്തോടു ചേർന്നുകിടക്കുന്ന കാഞ്ചിയാർ മേഖലയിൽ കാട്ടുപന്നിയുടെ ശല്യം നിയന്ത്രണാതീതമാണ്. ഏക്കറുകണക്കിനു സ്ഥലത്തെ കപ്പക്കൃഷി ഇവറ്റകൾ നാമാവശേഷമാക്കി. തുടർച്ചയായ വർഷങ്ങളിൽ പന്നിശല്യം പതിവായതോടെ കപ്പക്കൃഷി ഉപേക്ഷിച്ച കർഷകരും നിരവധിയാണ്. രണ്ടുമാസം മുമ്പ് നരിയംപാറ സ്വർണവിലാസത്ത് കർഷകൻ നോക്കിനിൽക്കെ 400 ചുവട് കപ്പ പന്നിക്കൂട്ടം കുത്തിമറിച്ചിരുന്നു. ഇതേ കർഷകന്റെ വാഴക്കൃഷിയും ഇവറ്റകൾ നശിപ്പിച്ചു. ഏലത്തോട്ടങ്ങളിലാണ് വാനരശല്യം രൂക്ഷമായി കണ്ടുവരുന്നത്. ഏലത്തിന്റെ ചിമ്പ് ഭക്ഷണമാക്കുന്നതോടെ ചെടി പൂർണമായി കരിഞ്ഞുണങ്ങി നശിക്കുന്നു. കൂടാതെ വാഴത്തോട്ടങ്ങളിൽ വിളവെടുപ്പിനു പാകമാകുന്ന കുലകൾ ഇവ തിന്നുനശിപ്പിക്കുന്നു.
പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന പീരുമേട് താലൂക്കിലെ പ്രദേശങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമാണ്.

വന്യജീവി സംരക്ഷണ നിയമം ഭയന്ന് ഇവറ്റകളെ തുരത്താൻ പോലും കഴിയാത്ത സ്ഥിതിയാണ് കർഷകർക്ക്. പുരയിടങ്ങളിൽ നാശം വിതയ്ക്കുന്നതിനു പുറമേ ഇവ ആളുകളെയും ആക്രമിക്കുന്നു. ഫെബ്രുവരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരട്ടയാർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വലതുകാലിന്റെ മുട്ടിനുമുകളിൽ കുത്തേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പകൽസമയങ്ങളിൽ പോലും വന്യജീവികൾ സൈ്വര്യവിഹാരം നടത്തുന്നതിനാൽ കർഷകർ നിസഹായരാണ്.

വന്യജീവി (സംരക്ഷണ)

നിയമം 1972
മനുഷ്യരുടെ അനിയന്ത്രിത പ്രവർത്തനങ്ങൾ മൂലം മറ്റുജീവജാലങ്ങൾ ഭൂമിയിൽ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972ൽ ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972. വന്യജീവികളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുക വനം കൊള്ള തടയുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ