തൊടുപുഴ: പുലർകാലെ എഴുനേൽക്കണമെന്ന മോഹത്തോടെ കിടക്കുന്നവർ പലരും എഴുന്നേറ്റ് വരുന്നത് നേരം പുലർന്നിട്ടാകും, എന്നാൽ ശ്രമകരമായ നല്ലശീലം കൂട്ടായ്മയിലൂടെ സാദ്ധ്യമാക്കുകയാണ് 4 എ എം ക്ലബ്ബ് എന്ന സോഷ്യൽ മീഡിയ കൂട്ടായ്മ. വൈകി എണീറ്റിരുന്ന പലരും പുലർച്ചെ നാലു മണിക്ക് എഴുന്നേൽക്കാൻ തുടങ്ങിയതോടെ ജീവിതത്തിൽ പ്രകടമായ മാറ്റത്തിലേക്കാണ് ഓരോ പ്രഭാതവും വഴി തുറന്നത്. 4 എ എം എന്ന വാട്‌സപ്പ് കൂട്ടായ്മ എന്ന ആശയത്തിന് രൂപം നൽകിയത് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ തിരുമലയാണ്. ഡോ. ഷൈജു കാരയിലും പ്രമുഖ വ്യവസായി അബ്ദുൽ കരിം പഴേരിയും ഇദ്ദേഹത്തോടൊപ്പമുണ്ട്. ഈ കൂട്ടായ്മ ദിനം പ്രതി കൂടുതലാളുകളെ ആകർഷിക്കുകയാണ്. നാലു മണിക്ക് ഉണർന്ന് വാട്‌സപ്പ് കൂട്ടായ്മയിൽ ശുഭദിനാശംസകൾ നേർന്നാണ് തുടക്കം. ഒരു വർഷം കൊണ്ട് ഈ ശീലം പ്രവർത്തനക്ഷമമായ ഒന്നരമാസം അധികമായി നൽകുമെന്നാണ് കണക്ക്.ആത്മീയ ഗുരുക്കന്മാർ, ചിന്തകർ, പ്രഭാഷകർ, പ്രൊഫഷണലുകൾ, സംരംഭകർ ഒക്കെ ക്ലബ്ബിലുണ്ട്. ഇവരിൽ ഒരാളുടെ ലഘുവായ പ്രഭാത സന്ദേശം എല്ലാ ദിവസവുമുണ്ടാകും. പ്രാർഥനയും വ്യായാമവും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യലുമൊക്കെ ഈ സമയത്ത് നടക്കും. ലോക്ഡൗൺ കാലത്ത് തുടക്കം കുറിച്ച ക്ലബ്ബിൽ ഓരോദിവസവും അംഗങ്ങളുടെ എണ്ണം കൂടിവരികയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫിലും ക്ലബ്ബിന് സാന്നിദ്ധ്യമുണ്ട്. ഇടുക്കി ജില്ലയിലും തുടക്കം മുതൽ ക്ലബ്ബിന്റെ പ്രവർത്തനം സജീവമാണ്. അംഗങ്ങളുടെ കൂട്ടായ്മ അടുത്ത ദിവസം തൊടുപുഴയിൽ ചേരും. പ്രവർത്തനങ്ങൾ വിലയിരുത്തി കൂടുതൽ ഊർജത്തോടെ പുതിയ പ്രഭാതങ്ങളെ സ്വീകരിക്കുകയാണിവർ. അദ്ധ്യാപകനും മൈൻഡ് ട്രെയിനറുമായ ബിജു കോലോത്ത്, കുമാരമംഗലം ഗ്രാമപഞ്ചയാത്ത് മുൻ പ്രസിഡന്റ് നിസാർ പഴേരി, എസ് പി സി ലിമിറ്റഡ് ചെയ്മാൻ ജയ്‌മോൻ എൻ ആർ,ദുബൈ കെ എം സി സി ജില്ല സെക്രട്ടറിയായിരുന്ന മുഹമ്മദ് ഇരുമ്പ് പാലം, എന്നിവരാണ് ജില്ലയിൽ പ്രവർത്തനെങ്ങൾക്ക് നേതൃത്വം നൽകുന്നത്.