കട്ടപ്പന: കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് വാഴവരയിലെ വാട്ട്‌സ് ആപ് കൂട്ടായ്മ. സാഫ് കോ എന്ന കൂട്ടായ്മയിൽ ജനപ്രതിനിധികളും കർഷകരുമടക്കം 250ൽപ്പരം പേർ അംഗങ്ങളാണ്. ആദ്യഘട്ടത്തിൽ വാഴവരയിൽ പാട്ടത്തിനെടുത്ത രണ്ടേക്കർ ഭൂമിയിൽ മുയൽ ഫാം ആരംഭിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചുകഴിഞ്ഞു. പിന്നീട് ഇവിടെതന്നെ മത്സ്യക്കൃഷിയും ജൈവ പച്ചക്കറിത്തോട്ടവും തുടങ്ങും. കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉൽപാദനവും വിപണനവുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഒപ്പം നിർദ്ധന കുടുംബങ്ങൾക്ക് വരുമാനമാർഗം കണ്ടെത്തി നൽകാനും ലക്ഷ്യമിടുന്നു. കൂട്ടായ്മയിലെ 20 പേർ അടങ്ങുന്ന ഡയറക്ടർ ബോർഡാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കട്ടപ്പന നഗരസഭ കൗൺസിലർ ബെന്നി കുര്യൻ ഉൾപ്പെടെ വാഴവര സ്വദേശികളായ വിദേശ മലയാളികളും സംസ്ഥാനത്തിനു പുറത്തുള്ളവരും കൂട്ടായ്മയിൽ അംഗങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.