രോഗികളിൽ അഞ്ച് വയസ്കാരിയും

അഞ്ചുപേർക്ക് രോഗമുക്തി

തൊടുപുഴ: മുത്തച്ഛനും മുത്തച്ഛിക്കുമൊണ്ടം ഡൽഹിയിൽനിന്നെത്തിയ അഞ്ച് വയസുകാരി ഉൾപ്പടെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. എന്നാൽ ജില്ലയിൽ ചികിൽസയിലായിരുന്ന ആറ് പേർ രോഗമുക്തി നേടിയത്ആശ്വാസമായി. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ്.
രോഗം സ്ഥിരീകരിച്ച മാവടി സ്വദേശിയായ ഇരുപത്തെട്ടുകാരൻ 17നാണ് ദുബയിൽ നിന്ന് കൊച്ചിയിലെത്തിയത്. ടാക്‌സിയിൽ മാവടിയിൽ വാടകവീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ പിതാവ് വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിന് വന്നവരെയെല്ലാം മാറ്റിയ ശേഷം എല്ലാവിധ സുരക്ഷാ മുൻകരുതലുകളുമെടുത്ത് പള്ളി സെമിത്തേരിയിൽ വെച്ച് ഇദ്ദേഹത്തെ അച്ഛന്റെ മൃതദേഹം കാണിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടവുമുണ്ടായിരുന്നു. ഇരുപത്തിയാറിനാണ് സ്രവപരിശോധനയ്ക്ക് വിധേയനായത്.
എഴുകുംവയൽ സ്വദേശിനിയായ അഞ്ച് വയസുകാരി മുത്തച്ഛനും മുത്തശ്ശിക്കും ഇളയ സഹോദരിക്കുമൊപ്പം 11നാണ് ഡൽഹിയിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തിയത്. ടാക്‌സിയിൽ വീട്ടിലെത്തിയ ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞു വരവെ 25ന് കുട്ടിയുടെ മുത്തച്ഛനാത അറുപത്തിനാലുകാരന് രോഗം സ്ഥിരീകരിച്ചു. തുടർന്ന് 26ന് കുട്ടിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിക്കുകയായിരുന്നു. കുട്ടിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുത്തശ്ശിയുടേയും ഇളയസഹോദരിയുടേയും പരിശോധനാഫലം നെഗറ്റീവാണ്.
ഉടുമ്പഞ്ചോല മൈലാടുംപാറ സ്വദേശിയായ ഇരുപത്തിമൂന്നുകാരനും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ജൂൺ അഞ്ചിന് ഇറ്റലിയിൽ നിന്ന് ചെന്നൈയിലെത്തിയിരുന്നു. ഏഴ് ദിവസം ചെന്നൈയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് 13നാണ് വിമാനമാർഗം കൊച്ചിയിലെത്തിയത്. തുടർന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ചയാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്.
കോടിക്കുളം സ്വദേശിനിയായ മുപ്പതുകാരി. ദമാമിൽ നിന്ന് 11നാണ് യുവതി കൊച്ചിയിലെത്തിയത്. ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. സ്രവം ശേഖരിച്ചത് വെള്ളിയാഴ്ചയാണ്

.ജില്ലയിൽ 104 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 57 പേരുടെ രോഗം ഭേദമായി. 47 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഒരാൾ കോട്ടയത്താണ് ചികിത്സയിൽ കഴിയുന്നത്.

രോഗമുക്തി നേടിയവർ
* മുംബൈയിൽ നിന്ന് മേയ് 12ന് വന്ന ശാന്തൻപാറ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ. 21ന് രോഗം സ്ഥിരീകരിച്ചു.
* മൂന്നാർ സ്വദേശിനിയായ അറുപത്തിയൊന്നുകാരി. മേയ് 16ന് ചെന്നൈയിൽ നിന്നെത്തിയ ഇവർക്ക് 30ന് രോഗം സ്ഥിരീകരിച്ചു.
* നാൽപത്തിമൂന്നുകാരനായ ചക്കുപള്ളം സ്വദേശി, ഡൽഹിയിൽ നിന്ന് മേയ് 31നാണ് വന്നത്. ജൂൺ അഞ്ചിന് പരിശോധനാഫലം പോസിറ്റീവായി.
* കഞ്ഞിക്കുഴി സ്വദേശിയായ മുപ്പത്തിയോൻപതുകാരൻ. മേയ് 29ന് ദുബൈയിൽ നിന്നെത്തി. ജൂൺ അറിന് രോഗം സ്ഥിരീകരിച്ചു.
* ജൂൺ 13ന് രോഗം സ്ഥിരീകരിച്ച മൂന്നാർ സ്വദേശിയായ മുപ്പത്തിമൂന്നുകാരൻ. മുംബൈയിൽ നിന്ന് മൂന്നിനാണ് എത്തിയത്.
* പുഷ്പക്കണ്ടം സ്വദേശിനിയായ അൻപത്തിയൊന്നുകാരി. ചെന്നൈയിൽ നിന്ന് ജൂൺ അഞ്ചിന് എത്തിയ ഇവർക്ക് 18ന് രോഗം സ്ഥിരീകരിച്ചു.